കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്കാവില്ലെന്നും തോമസ് ഐസക്
തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റെന്ന് മന്ത്രി തോമസ് ഐസക്ക്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവരെന്നും തോമസ് ഐസക്ക് ആരോപിച്ചു.
വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന് തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്കാവില്ലെന്നും തോമസ് ഐസക് വിശദമാക്കി. വയോജന പെൻഷൻ ലഭിക്കുന്നവരിൽ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
വനിതാ മതിലില്‍ പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രളയബാധിതര്‍ക്കുള്ള പലിശ രഹിത വായ്പ നല്‍കാനുള്ള അപേക്ഷയില്‍ ഒപ്പു വയ്ക്കണമെങ്കില്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ച് ആലപ്പുഴയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തെത്തിയരുന്നു. മലപ്പുറത്തും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു.പെന്‍ഷന്‍ ഫണ്ടില്‍ നിന്നും വനിതാ മതിലിന്‍റെ പിരിവ് നടത്തിയെന്ന പാലക്കാട്ട് നിന്നും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.
