Asianet News MalayalamAsianet News Malayalam

വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നത് ഗിന്നസ് റെക്കോര്‍ഡ്; മഞ്ജുവിന്റെ പിന്മാറ്റം ബാധിക്കില്ല: എം എം മണി

 മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ  മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാമെന്നും എം എം മണി 

women wall manjus stand wont affect will make Guinness record
Author
Malappuram, First Published Dec 17, 2018, 1:33 PM IST

മലപ്പുറം: മഞ്ജു വാര്യറെ അശ്രയിച്ചല്ല വനിതാ മതിൽ പ്രഖ്യാപിച്ചതെന്ന് മന്ത്രി എം എം മണി. മഞ്ജു വാര്യർ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്ന് എം എം മണി മലപ്പുറത്ത് പറഞ്ഞു. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ  മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുന്നതായും എം എം മണി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ നടി മഞ്ജു വാര്യര്‍ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് മഞ്ജു പിന്തുണ പിന്‍വലിച്ചത്.  കൊടികളുടെ നിറത്തില്‍ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്നും അത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നം മഞ്ജു വിശദമാക്കി. ആ നിലപാട് തന്നെയാണ് വനിതാ മതിലിന്‍റെ കാര്യത്തിലെന്നും മഞ്ജു വാര്യര്‍ പിന്തുണ പിന്‍വലിച്ചുകൊണ്ട് വിശദമാക്കിയത്. 

അതേസമയം വനിതാ മതില്‍  വർഗ്ഗീയ മതിൽ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ആ കാര്യങ്ങൾ ബോധ്യമായതുകൊണ്ടാണ് നടി മഞ്ജു വാര്യർ വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios