ജിദ്ദ: കുടുംബ നാഥന്‍റെ ജയില്‍ മോചനവും കാത്ത് മലയാളി കുടുംബം ജിദ്ദയില്‍ ദുരിതത്തില്‍. കേസില്‍ കുടുങ്ങി ഒരു വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന ബഷീറിന് ഭീമമായ തുക അടച്ചില്ലെങ്കില്‍ ഇനിയും ജയിലില്‍ തുടരേണ്ട അവസ്ഥയാണ്.

ജിദ്ദയില്‍ മത്സ്യ വില്‍പ്പന നടത്തി വരികയായിരുന്നു മലപ്പുറത്ത്‌ നിന്നുള്ള ബഷീര്‍. കച്ചവടം നഷ്ടത്തിലായതിനെ തുടര്‍ന്ന് സ്പോണ്‍സറുമായി പ്രശ്നത്തിലായി. സ്പോണ്‍സര്‍ നല്‍കിയ പോലീസ് കേസില്‍ ഒരു വര്‍ഷം മുമ്പ് ബഷീര്‍ അറസ്റ്റിലായി. കച്ചവടത്തില്‍ സാമ്പത്തിക നഷ്ടം നേരിട്ട സ്പോണ്‍സര്‍ക്ക് നഷ്ടപരിഹാരമായി എണ്‍പത്തിനാലായിരം റിയാല്‍ നല്‍കണമെന്നും അത് വരെ തടവ്ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കോടതിവിധി. 

ഭീമമായ തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ ബഷീറിന്റെ ജയില്മോചനം അനന്തമായി നീളുകയാണ്. കോടതിയെയും ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സ്പോണ്‍സറെയും പല തവണ സമീപിച്ചെങ്കിലും ജയില്‍മോചനത്തിനുള്ള വഴി തെളിഞ്ഞിട്ടില്ല. ഭാര്യയും അഞ്ച് കുട്ടികളും ജിദ്ദയില്‍ ദുരിതം അനുഭവിക്കുകയാണിപ്പോള്‍. ബഷീര്‍ വഞ്ചിക്കപ്പെട്ടതാണെന്ന് കുടുംബം പറയുന്നു.

 സന്ദര്‍ശക വിസയില്‍ ജിദ്ദയില്‍ കഴിയുന്ന കുടുംബത്തിന്‍റെ വിസാ കാലാവധി വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ചു. നിയമപ്രകാരം ഇവരിപ്പോള്‍ അനധികൃത താമസക്കാരാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനം മുടങ്ങി. ഒരു കുട്ടിക്ക് മാനസിക വൈകല്യമുണ്ട്. താമസ വാടക,ഭക്ഷണം തുടങ്ങിയവ പുറമേ നിന്നുള്ളവരുടെ സഹായം കൊണ്ടാണ് മുന്നോട്ടു പോകുന്നത്. കരുണയുള്ളവരുടെ സഹായമുണ്ടായാല്‍ ബഷീറിന്റെ മോചനം പെട്ടെന്ന് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.