അനുമതി ജൂണ്‍ 24 മുതല്‍

റിയാദ്: സൗദിയിൽ സന്ദര്‍ശക വിസയിൽ എത്തുന്ന വിദേശ വനിതകൾക്കും ഇനി മുതല്‍ വാഹനമോടിക്കാം. ജൂൺ 24 മുതലാണ് വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുന്നത്. കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള വിദേശവനിതകൾ സന്ദർശക വിസയിൽ സൗദിയിൽ എത്തിയാൽ അവർക്കു വാഹനം ഓടിക്കാൻ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഒരു വർഷം വരെ മാത്രമേ വിദേശ ലൈസൻസ് ഉപയോഗിച്ച് ഇവർക്ക് വാഹനം ഓടിക്കാൻ അനുമതിയുണ്ടാകൂ. അതേസമയം ഇവരുടെ കൈവശമുള്ള വിദേശ - അന്താരാഷ്ട്ര ലൈസൻസുകൾ സൗദി അറേബ്യ അംഗീകരിച്ചതായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.

നിലവിൽ രാജ്യത്ത് താമസിക്കുന്ന ഡ്രൈവിംഗ് ലൈസൻസുള്ള വിദേശ വനിതകൾക്ക് അവരുടെ മാതൃരാജ്യത്തെ ഡ്രൈവിംഗ് ലൈസൻസിന് പകരം സൗദി ലൈസൻസ് എടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാൽ വിദേശ വനിതകളുടെ ഡ്രൈവിംഗ് ലൈസൻസ് ഒറിജിനൽ ആണെന്നും ഡ്രൈവിംഗ് വശമുണ്ടെന്നും ഉറപ്പുവരുത്തിയാൽ മാത്രമേ സൗദി ലൈസൻസ് അനുവദിക്കൂ.