മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം  നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ നടി മഞ്ജു വാരിയര്‍ക്കും എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു.

ഇതുസംബന്ധിച്ച് പത്രവാർത്തയുടെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ നടപടി ആവശ്യപ്പെട്ടത്. വാർത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാൽ ആരോപണ വിധേയനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്.പി എസ്.സുരേന്ദ്രൻ പറഞ്ഞു.

ജമ്മു കശ്മീരില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നത്. തന്‍റെ മോർഫ് ചെയ്ത ചിത്രങ്ങളും ഫോൺ നമ്പറും വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ ദീപ നിശാന്ത് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. സൈബർ ആക്രമണത്തിനെതിരെ നേരത്തെ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ദീപ നിശാന്ത് ആരോപിച്ചു.