തൃശൂര്‍: ശക്തന്റെ തട്ടകം നാളെ പുലിക്കളിയ്ക്ക് തയാറെടുക്കുമ്പോള്‍ വിയ്യൂര്‍ ദേശത്തിന്റെ സര്‍പ്രൈസ് പുറത്തുവന്നു. അമ്പത്തിയൊന്നംഗ സംഘത്തില്‍ മൂന്ന് പെണ്‍പുലികള്‍. ചരിത്രത്തിലാദ്യയാണ് പെണ്‍പുലികള്‍ പുലിക്കളിറങ്ങുന്നത്..

അരമണികെട്ടി, പുലിമുഖം വച്ച് ചമയപ്രദര്‍ശനത്തിന് മുന്നില്‍ താളത്തില്‍ ചുവടുവയ്ക്കുന്നു. ആണ്‍പുലികളുടെ കൂട്ടത്തില്‍ മുന്നു പെണ്‍പുലികള്‍. വിയ്യൂര്‍ ദേശം ഇക്കുറി കളത്തിലിറക്കുന്ന ആ സര്‍പ്രൈസ് ഇതാ...

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിങ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് വിയ്യൂര്‍ ദേശത്തിനായി പുലിവേഷമണിയുന്നത്. എഎസ്‌ഐ വിനയയുടെ നേതൃത്വത്തിലുള്ള സംഘം. ആദ്യപുലിവേഷക്കാരികളാകുന്നതിന്റെ സന്തോഷം പെണ്‍പുലികള്‍ക്ക്. 

വിനയയെകൂടാതെ മലപ്പുറത്തുനിന്നുള്ള ദിവ്യ, കോഴിക്കോടു നിന്നുള്ള സക്കീന എന്നിവരാണ് സംഘത്തിലെ മറ്റ് പുലിക്കുട്ടികള്‍. പെണ്‍പുലികളുടെ വേഷമുള്‍പ്പടെയുള്ള കാര്യങ്ങള്‍ രഹസ്യമായി വച്ചിരിക്കുകയാണ് വിയ്യൂര്‍ ദേശം. പുലിമടകളില്‍ മേളം മുറുകുമ്പോള്‍ ചുവടുറപ്പിച്ച്, താളം മുറുക്കി ചിത്രത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നു വിയ്യൂരിന്റെ പെണ്‍പുലികള്‍.