ഒരു പ്രതിരോധതന്ത്രമെന്ന നിലയ്ക്ക് നവോത്ഥാന കാർഡിറക്കി മതിലുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചത്. എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയുമൊക്കെ മതിലിനൊപ്പം ചേർക്കാൻ ഇടതുപക്ഷത്തിന് സാധിച്ചെങ്കിലും എൻഎസ്എസ് പിടിതരാതെ മതിലിൻറെ വിമർശകരായി തുടരുന്നു. 

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി സർക്കാർ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മതിൽ നാളെ. മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മതിലിനെതിരെ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വിഎസിന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പരോക്ഷ മറുപടി നൽകിയതും ചർച്ചയായി. 

പ്രതിജ്ഞചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചും മതിൽ വിജയിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇടത്‍പക്ഷം. കഴിഞ്ഞ ഒരു മാസക്കാലമായി വനിതാ മതിലാണ് കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ വിശ്വാസികൾ സർക്കാറിനെതിരെ തിരിഞ്ഞിരുന്നു. അതൊടെയാണ് ഒരു പ്രതിരോധതന്ത്രമെന്ന നിലയ്ക്ക് നവോത്ഥാന കാർഡിറക്കി മതിലുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചത്. എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയുമൊക്കെ മതിലിനൊപ്പം ചേർക്കാൻ ഇടതുപക്ഷത്തിന് സാധിച്ചെങ്കിലും എൻഎസ്എസ് പിടിതരാതെ മതിലിൻറെ വിമർശകരായി തുടരുന്നു. 

സാമുദായിക സംംഘടനകളെ കൂട്ടിയുള്ള മതിൽ കമ്മ്യൂണിസ്റ്റ് രീതിയില്ലെന്ന് വിമർശിച്ച് വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് പ്രതിപക്ഷം ആയുധമാക്കി. മതിൽ വർഗ്ഗസമരത്തിൻറെ ഭാഗമാണെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി മുഖ്യമന്ത്രി വിഎസ്സിന് പരസ്യമായി പരോക്ഷ മറുപടി നൽകി. ശബരിമല വിധിയും മതിലും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് മതിലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിമർശനങ്ങൾക്കൊടുവിലാണ് ന്യൂനപക്ഷവിഭാഗങ്ങളെ ഒടുവിൽ മതിലിൽ ചേർക്കാൻ തീരുമാനിച്ചത്. സർക്കാർ പണം, അധികാര ദുർവ്വിനിയോഗം, സാമുദായിക ധ്രൂവീകരണ ലക്ഷ്യം തുടങ്ങി പ്രതിപക്ഷം തുടക്കം മുതൽ നീങ്ങിയത് മതിലിനെതിരെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കാസർക്കോട് മുതൽ വെള്ളയമ്പലം വരെ 620 കിലാമീറ്റ‍ർ ദൂരത്തിൽ തീർക്കുന്ന മതിൽ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസർക്കോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതിൽ. ചലച്ചിത്രതാരങ്ങളും സാംസ്ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലിൽ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. വെള്ളാപ്പള്ളിക്കൊപ്പം എൻഡിഎയിലുള്ള തുഷാറും സഹകരിക്കുമോ എന്നുള്ള ആകാംക്ഷ ബാക്കിയാണ്. നാളെ വൈകീട്ട് നാലിനാണ് മതിൽ. 3.45 ന് മതിലിന്‍റെ ട്രയൽ ഉണ്ടായിരിക്കും.