തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈകിട്ട് 4 മണി മുതല്‍ 4.15 വരെ കാസർക്കോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. മതില്‍ ഒരുക്കുന്നത് 620 കിലോമീറ്ററിലാണ്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമാകും.

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്‍റെയും ശ്രമം. 

ഡിസംബർ ഒന്നിന് മതിൽ തീർക്കാനുള്ള പ്രഖ്യാപനം വന്നത് മുതൽ സംസ്ഥാനത്തെ പ്രധാന ചർച്ച ആരൊക്കെ മതിലിനൊപ്പമുണ്ട്, മതിലിന് പുറത്തുണ്ട് എന്നതായിരുന്നു. ശബരിമലയിൽ സുപ്രീം കോടതിയുടെ യുവതീപ്രവേശനവിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറിനെതിരെ വിശ്വാസികളുടെ കടുത്ത എതിർപ്പാണ് ഉയർന്നു വന്നത്. കോൺഗ്രസ്സും ബിജെപിയും വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് സർക്കാർ നവോത്ഥാനമൂല്യം ഉയർത്തിയുള്ള പ്രതിരോധ മതിൽ തീർക്കാനൊരുങ്ങിയത്.

വനിതാമതില്‍ വര്‍ഗീയ മതിലാണെന്നും സര്‍ക്കാര്‍ പണം ഇതിനായി ഉപയോഗിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം മുതലെ പ്രതികരിച്ചത്. എന്നാല്‍‌ സര്‍ക്കാര്‍ പണം മതില്‍ കെട്ടാന്‍ ഉപയോഗിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതികരണം. 

വനിതാ മതില്‍ തീര്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പല തരത്തിലുളള പ്രതികരണങ്ങളും  വരുന്നുണ്ട്.  വനിതാ മതിൽ കേരളത്തെ ചെകുത്താന്‍റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിർക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ് പ്രതികരിച്ചു. 

അതേസമയം, വനിതാ മതിൽ വർഗീയതക്കെതിരായ മതിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു‍. എൻ എസ് എസ് വനിതാ മതിലിനൊപ്പം നിൽക്കേണ്ടിയിരുന്നു എന്നും കോടിയേരി പറഞ്ഞു. വനിതാ മതിൽ രാജ്യത്തിന് മാതൃകയെന്നാണ് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. എൻ എസ് എസ് നേതൃത്വം മാത്രമേ വനിതാ മതിലിൽ നിന്ന് വിട്ടു നിൽക്കുന്നുള്ളൂ. അംഗങ്ങൾ മതിലിനൊപ്പമുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

വനിതാ മതിലിൽ പങ്കെടുക്കുമെന്ന്  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതൽ ദേവസ്വം ബോർഡ് സഹകരിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭൻ ആയിരുന്നു ആദ്യ ദേവസ്വം ബോർഡ് പ്രസിഡന്‍റ്. അതുകൊണ്ട് തന്നെ ബോർഡ് പ്രസിഡന്‍റ് വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ ദോഷമില്ലെന്നും എ പത്മകുമാർ പറഞ്ഞു.

അതിനിടെ  വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ല എന്നായിരുന്നു അബ്ദുസമദ് പറഞ്ഞത്. ഇതിനെതിരെ മന്ത്രി എ സി മെയ്തീനും കെ ടി ജലീലും രംഗത്തെത്തി. 

എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ വനിതാ മതിലിന്  ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർകോട് ടൗൺ സ്ക്വയറിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്. 

തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ മന്ത്രിമാരും നേതാക്കളും പിന്തുണയുമായുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്കാരിക പ്രവർത്തകർ മതിലിൽ പങ്കെടുക്കാനെത്തും. അതുപോലെ തന്നെ സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ മതിലിന് കൂടുതൽ കരുത്തേകും.