തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി വനിതാ മതില്‍ ഉയര്‍ന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററില്‍ സ്ത്രീകള്‍ മതില്‍ തീര്‍ത്തു.  മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. 

ജാതി, മത, കക്ഷി ഭേദമില്ലാതെയാണ് സ്ത്രീകള്‍ മതിലില്‍ പങ്കെടുത്തത്. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി.  സമൂഹത്തിലെ നാനാതുറകളിലുള്ള സ്തീകള്‍ മതിലില്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി. 

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്ത്രീകൾ പാതയുടെ ഒരുവശത്ത് വനിതാമതിൽ അണി നിരന്നപ്പോൾ പ്രധാന കേന്ദ്രങ്ങളിൽ പുരുഷൻമാർ പാതയുടെ എതിർവശത്ത് സമാന്തര മതിലായി. സംസ്ഥാന മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും വിവിധ ജില്ലകളിൽ സംഘാടനത്തിന് നേതൃത്വം കൊടുത്തു. വിഎസ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പുന്നല ശ്രീകുമാർ എന്നിവർ വിവിധയിടങ്ങളിൽ സംഘാടകരായി. എഴുത്തുകാർ, കലാ സാംസ്കാരിക ചലച്ചിത്ര പ്രവർത്തകർ എന്നിവരടക്കം സാംസ്കാരിക പ്രവർത്തകരുടെ വലിയ പങ്കാളിത്തവും വനിതാ മതിലിന് ഉണ്ടായിരുന്നു.

വനിതാമതില്‍ ലൈവായി കാണാം:

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്‍റെയും ശ്രമം. 

ഡിസംബർ ഒന്നിന് മതിൽ തീർക്കാനുള്ള പ്രഖ്യാപനം വന്നത് മുതൽ സംസ്ഥാനത്തെ പ്രധാന ചർച്ച ആരൊക്കെ മതിലിനൊപ്പമുണ്ട്, മതിലിന് പുറത്തുണ്ട് എന്നതായിരുന്നു. ശബരിമലയിൽ സുപ്രീം കോടതിയുടെ യുവതീപ്രവേശനവിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറിനെതിരെ വിശ്വാസികളുടെ കടുത്ത എതിർപ്പാണ് ഉയർന്നു വന്നത്. കോൺഗ്രസ്സും ബിജെപിയും വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് സർക്കാർ നവോത്ഥാനമൂല്യം ഉയർത്തിയുള്ള പ്രതിരോധ മതിൽ തീർക്കാനൊരുങ്ങിയത്.

 

വനിതാമതില്‍ വര്‍ഗീയ മതിലാണെന്നും സര്‍ക്കാര്‍ പണം ഇതിനായി ഉപയോഗിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം മുതലെ പ്രതികരിച്ചത്. എന്നാല്‍‌ സര്‍ക്കാര്‍ പണം മതില്‍ കെട്ടാന്‍ ഉപയോഗിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതികരണം. 

Also Read: സു​കു​മാ​ര​ൻ നാ​യ​ർ ദൂ​ഷി​ത വ​ല​യ​ത്തി​ല്‍; എന്‍എസ്എസിനെ വിമര്‍ശിച്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ