മുംബൈ: നാവികസേനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് പാകിസ്താന്‍ അതിര്‍ത്തിയിലാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയില്‍ നാവിക സേനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വെസ്റ്റേണ്‍ നാവിക സേനാ മേധാവി അടക്കമുള്ള മുതിര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. 

ഭരണം നയിക്കുന്നത് തങ്ങളാണെന്നും സേനയല്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. സീപ്ലെയിന്‍ ജെട്ടി നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കണമെന്ന സ്വകാര്യ കമ്പനിയുടെ ആവശ്യം സുരക്ഷാ കാരണങ്ങളാല്‍ നാവിക സേന നിരസിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മുംബൈ ഹൈക്കോടതിയും ഈ ആവശ്യം നിരാകരിച്ചിരുന്നു. ഈ നടപടിയിലുള്ള എതിര്‍പ്പ് പ്രകടമാക്കിക്കൊണ്ടാണ് ഗഡ്കരിയുടെ പ്രസ്താവന. 

ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ആവശ്യപ്പെട്ട് നാവിക സേന വരേണ്ടതില്ലെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു. സേനയോട് ബഹുമാനമുണ്ട്, എന്നാല്‍ നാവിക സേന അതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയാല്‍ മതിയെന്നും ഗഡ്കരി പറഞ്ഞു. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സീപ്ലെയിന്‍ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി വിശദമാക്കിയിരുന്നു.