ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വികാസ് രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘര്‍ഷം. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവും മുതിര്‍ന്ന നേതാവായ ശിവപാല്‍ യാദവും വേദയിലേക്ക് എത്തവെയാണ് സംഘര്‍ഷം ഉണ്ടായത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം ശക്തി തെളിയിക്കാനുള്ള അവസരമായാണ് രഥയാത്രയെ നേതാക്കള്‍ കണ്ടിരുന്നത്. എന്നാല്‍ അതിന്റെ തുടക്കം തന്നെ കല്ലുകടിയായത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മുലായ് സിങ് യാദവാണ് രഥയാത്ര ഉദ്ഘാടനം ചെയ്‌തത്. വികാസ് രഥയാത്ര ഇന്ത്യന്‍ സൈനികര്‍ക്കുവേണ്ടിയാണെന്ന് മുലായം പറഞ്ഞു. സൈനികരുടെ പ്രശ്‌നങ്ങള്‍ വികാസ് രഥയാത്ര തുറന്നുകാട്ടുമെന്ന് അഖിലേഷ് യാദവും പറഞ്ഞു.

ലഖ്‌നൗവില്‍ നിന്ന് തുടങ്ങി 75 കിലോമീറ്റര്‍ സഞ്ചരിച്ച് ഉന്നാവോയിലെ ഷുക്ലഗഞ്ജ് സ്റ്റേഡിയത്തിലാണ് അഖിലേഷ് യാദവിന്റെ രഥയാത്ര അവസാനിക്കുന്നത്. മേഴ്‌സിഡസ് ബസ്സിന്റെ മുകളിലിരുന്നാണ് അഖിലേഷിന്റെ യാത്ര. ബസ്സില്‍ മുലായം സിംഗ് യാദവിന്റെ ചിത്രമുണ്ടെങ്കിലും തര്‍ക്കമുണ്ടായ ശിവ്‌പാല്‍ യാദവിന്റെ ചിത്രം ഇല്ലാത്ത് ശ്രദ്ധേയമാണ്. രഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ നടക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച യാത്ര വീണ്ടും തുടങ്ങും.