തൊഴിലാളികളെകൊണ്ട് വെയിലത്ത് ജോലി ചെയ്യിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

കോഴിക്കോട്: പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യഘാതം എല്‍ക്കുന്നതിനുളള സാഹചര്യം മുന്‍നിര്‍ത്തി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.

ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ മലാപറമ്പ്, കോട്ടൂളി എന്നിവിടങ്ങളിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ സ്‌ക്വാഡ് പരിശോധിച്ചു. പരിശോധനയില്‍ തൊഴിലാളികളെകൊണ്ട് വെയിലത്ത് ജോലി ചെയ്യിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

പരിശോധനകള്‍ കര്‍ശനമാക്കുമെന്നും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ അറിയിച്ചു. സ്‌ക്വാഡ് പരിശോധനയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബാബു കാനപളളി, ജില്ലാ ലേബര്‍ ഓഫിസര്‍ ജനറല്‍ വി.പി. രാജന്‍,അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് എം.പി. ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.