ഫ്രാന്‍സും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ മത്സരം രാത്രി എട്ടര മുതല്‍

മോസ്കോ: ഒരുമാസം നീണ്ട പോരുകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമെല്ലാം ഇന്ന് വിരാമമാകും. ലോകത്തിന്‍റെ നെറുകയില്‍ ഒരാള്‍ക്കു മാത്രമായിരിക്കം സ്ഥാനം. ആ പൊന്‍പട്ടം സ്വന്തമാക്കാനായുള്ള വെമ്പലില്‍ പലരും വീണ് പോയപ്പോള്‍, ദുര്‍ഘടങ്ങള്‍ താണ്ടിയെത്തിയ രണ്ടു ടീമുകള്‍ വര്‍ധിത വീര്യത്തോടെ കൊമ്പ് കോര്‍ക്കും.

രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഫ്രാൻസിന്‍റെ എതിരാളികൾ ആദ്യമായി ഫൈനൽ കളിക്കുന്ന ക്രൊയേഷ്യയാണ്. ലോക റാങ്കിംഗിൽ ഫ്രാൻസ് ഏഴാം സ്ഥാനത്തും ക്രൊയേഷ്യ ഇരുപതാമതുമാണ്. ഇന്ത്യൻ സമയം രാത്രി 8:30ന് മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.

ലോകം കാൽപ്പന്തിലേക്ക് ചുരുങ്ങിയ 30 ദിനരാത്രങ്ങള്‍ക്കാണ് ഇന്ന് അവസാനമാകുന്നത്. 63 ആവേശപ്പോരാട്ടങ്ങൾ റഷ്യയെ പ്രകമ്പനം കൊള്ളിച്ചു. എല്ലാത്തിനും ഒടുവിൽ ഫുട്ബോളിന്‍റെ അടുത്ത നാലു വര്‍ഷത്തേക്കുള്ള വിശ്വവിജയി ആരെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഇന്ന് കുറിക്കപ്പെടുന്നത്. 

1998 ആവർത്തിക്കാനായാൽ രണ്ടു തവണ ലോകകപ്പ് നേടിയിട്ടുള്ള അർജന്‍റീനയ്ക്കും ഉറുഗ്വേക്കുമൊപ്പമെത്താന്‍ ഫ്രാൻസിന് സാധിക്കും. എങ്ങനെയും ജയിക്കുക, ലക്ഷ്യം അത് മാത്രമാണെന്ന് അന്‍റോയിന്‍ ഗ്രീസ്മാൻ പറയുമ്പോള്‍ 2006 ലോകകപ്പിലെയും കഴിഞ്ഞ യൂറോകപ്പിലെയും ഫൈനൽ തോൽവി അവരുടെ ഓർമയിലുണ്ടെന്ന് വ്യക്തം.

എംബാപ്പെയുടെ ശരവേഗത്തിലൂടെ അർജന്‍റീനയെ വീഴ്ത്തിയ ദെഷാംസിന്‍റെ കുട്ടികൾ മറ്റെല്ലാ കളിയിലും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. പ്രതിരോധനിരയിലെ മൂന്ന് പേർ അവർക്കായി ഗോളടിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രതിരോധം ഇതുപോലെ വലനിറച്ചിട്ടുള്ളത് ലോകകപ്പിൽ ഇതിന് മുന്പ് ഒരിക്കൽ മാത്രം.

അന്നവർ കിരീടവുമായി മടങ്ങിയ ചരിത്രം ക്രൊയേഷ്യയെ ഭയപ്പെടുത്തുന്ന ഘടകമാണ്. ഇരു ടീമും നേർക്കുനേർ വന്ന അഞ്ചു പോരാട്ടങ്ങളില്‍ ഒരിക്കൽപ്പോലും ഫ്രാൻസ് തോറ്റിട്ടുമില്ല. ചരിത്രമാണ് മാനദണ്ഡമെങ്കിൽ ജർമനിയോ ബ്രസീലോ ഒക്കെയാകും ഇന്നിവിടെ കളിക്കുകയെന്നാണ് ഇതിനെല്ലാം ക്രൊയേഷ്യ നല്‍കുന്ന മറുപടി.

ചരിത്രം തിരുത്താൻ വന്നവരാണെന്ന് വെറുതേ അങ്ങ് പറയുകയല്ലെന്ന് അവര്‍ കളത്തിൽ തെളിയിച്ചു കഴിഞ്ഞു. മോഡ്രിച്ചും റാക്കിറ്റിച്ചും മാൻസുക്കിച്ചുമൊക്കെ പ്രകടനം കൊണ്ട് ഫുട്ബോള്‍ ആരാധകരെ ഇതിനകം വിസ്മയിപ്പിച്ചു. കഴിഞ്ഞ മൂന്ന് കളിയും എക്സ്ട്രാ ടൈമിലും ഷൂട്ട്ഔട്ടിലുമായി ജയിച്ച ക്രോട്ടുകൾ എത്ര പിന്നിലായാലും ഒട്ടും വിട്ടുകൊടുക്കില്ലെന്ന് വാശിയിലാണ്.

ഹൃദയം തുറന്ന് കളിക്കുമെന്ന് മോഡ്രിച്ച് പറയുന്ന അവരുടെ മധ്യനിരയുടെ തലച്ചോറിനെയാണ് ഫ്രാൻസ് ഏറ്റവും ഭയക്കേണ്ടത്. രാജ്യത്തിന്‍റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് അവര്‍ ബൂട്ട് കെട്ടുമ്പോള്‍ ആ സമ്മർദം കൂടി ക്രൊയേഷ്യക്ക് അതിജീവിക്കേണ്ടതുണ്ട്.

മൂന്നാം ഫൈനൽ കളിക്കുന്ന ഫ്രാൻസിന് ഇതൊരു പുതുമയല്ല. വ്യക്തിഗത മികവിലും ഫ്രഞ്ച് പടക്ക് മുൻതൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ കളിച്ച കളി മതിയാകില്ല ക്രൊയേഷ്യക്ക് ഫ്രാൻസിനെ തളയ്ക്കാൻ. 32 ടീമുകളുമായി തുടങ്ങിയ റഷ്യയിലെ ഈ കാർണിവലിന് തിരശീല വീഴുമ്പോള്‍ അതിൽ സുവർണലിപികളിൽ എഴുതുന്ന അവസാന പേര് ആരുടേതാകുമെന്ന് കാത്തിരിക്കാം...