ടിവിയിലൂടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കാണുന്നത് മലയാളികള്‍
ലോകം ഫുട്ബോളിന്റെ പിന്നാലെയാണ് ഇപ്പോള്. റഷ്യയില് നടക്കുന്ന ലോകകപ്പ് മാമാങ്കത്തിന്റെ ആവേശത്തിലാണ് കായികപ്രേമികളെല്ലാവരും. നേരിട്ട് മത്സരം കാണാൻ കഴിയാത്തവര് ടിവിയിലും ഓണ്ലൈനിലൂടെയും ഓരോ മത്സരവും കാണാൻ കാത്തിരിക്കുന്നു. ഇന്ത്യയില്, ടിവിയില് ഏറ്റവും കൂടുതല് ഫുട്ബോള് ലോകകപ്പ് കാണുന്നവര് കേരളത്തിലാണെന്നാണ് റിപ്പോര്ട്ട്. ബാര്ക്കിന്റെ വാരാന്ത്യ റിപ്പോര്ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയില് ഫുട്ബോള് മത്സരം ടിവിയിലൂടെ കാണുന്നവരില് 30 ശതമാനവും കേരളത്തില് നിന്നുള്ളവരാണ്. 28 ശതമാനം പേര് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളില് നിന്നുള്ളവരാണ്. 20 ശതമാനം വിഹിതവുമായി പശ്ചിമബംഗാളാണ് തൊട്ടുപിന്നില്. ഇന്ത്യയില് ഫുട്ബോള് ലോകകപ്പ് കാണുന്ന മൊത്തം ടിവി പ്രേക്ഷകരുടെ 78 ശതമാനവും കേരളം, ബംഗാള്, അസം, സിക്കിം, മറ്റ് വടക്കുകിഴക്കന് സംസ്ഥാനങ്ങള് എന്നിവിടങ്ങളില് നിന്നുള്ളവരാണെന്നാണ് ബാര്ക്ക് റിപ്പോര്ട്ട് പറയുന്നത്.
