32 ടീമുകള്‍, 64 മത്സരങ്ങള്‍ കലാശ പോരാട്ടം ജൂലെെ 15ന്

മോസ്കോ: ഫുട്ബോൾ ലോകത്തിന്‍റെ നാലു വർഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ലോകകപ്പ് ഫുട്ബോളിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിന് ഇന്ന് റഷ്യന്‍ മണ്ണില്‍ വിസില്‍ മുഴക്കം. ഇനിയുള്ള 32 ദിനങ്ങള്‍ ശ്വസിക്കുന്നത് പോലും ഫുട്ബോള്‍ എന്ന ഒറ്റ ആവേശത്തോടെയായിരിക്കും. റഷ്യയുടെ ശതകോടികൾ മുടക്കിയ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 32 കളി സംഘങ്ങളും പന്ത് നിറയെ പ്രതീക്ഷകളുമായി റഷ്യയില്‍ എത്തി കഴിഞ്ഞു. ഇന്ന് പന്തുരുളുന്നതിനുള്ള താമസം മാത്രം.

നെസ്റ്റർ പിറ്റാനയുടെ വിസിലിനപ്പുറം ഇന്ന് മറ്റൊരു ലോകം തെളിയും. 11 നഗരങ്ങളിലെ 12 വേദികളിൽ ഹൃദയത്തുടിപ്പായി 736 കളിക്കാർ അണിനിരക്കും. ഭാഗ്യ നിർഭാഗ്യങ്ങളുടെ ദീ‍ർഘചതുരക്കളത്തിൽ പന്തും മനുഷ്യനും വിസ്മയം തീർക്കുമ്പോള്‍ വർണ വർഗ ദേശാതിർത്തികൾ അലിഞ്ഞില്ലാതാവും. താരോദയങ്ങൾക്കൊപ്പം വിഗ്രഹങ്ങൾ വീണുടയും. അപ്രതീക്ഷിത കുതിപ്പിൽ വമ്പന്മാര്‍ നിലംപൊത്തും.

ഗോൾ പോസ്റ്റിന് മുന്നിൽ കവിതയും കലാപവും നിറയുമ്പോള്‍ ഗാലറികളിൽ ആനന്ദവും കണ്ണീരും പരക്കും. അത് മനുഷ്യരുള്ളിടത്തേക്കെല്ലാം പടരും. പന്ത് ഭൂഗോളത്തോളം വലുതാവും. എല്ലാവ‍ർക്കും ഒരൊറ്റ ലക്ഷ്യമെങ്കിലും വിശ്വവിജയികളുടെ രാജസിംഹാസനം ഇതുവരെ സ്വന്തമാക്കിയത് എട്ട് ടീമുകൾ മാത്രം. ചരിത്രം ആവർത്തിക്കുമോ? അതോ പുതിയൊരു ചാമ്പ്യന്‍ ഉദിക്കുമോ? എല്ലാത്തിനുമുള്ള ഉത്തരങ്ങള്‍ക്ക് ശ്വാസമടക്കി 15 വരെ കാത്തിരിക്കാം.