ഇന്ന് ലോക ഭിന്നശേഷി ദിനം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായധനം മിക്ക തദ്ദേശസ്ഥാപനങ്ങളും കൃത്യമായി വിതരണം ചെയ്യുന്നില്ല.

കോഴിക്കോട്: ഇന്ന് ലോക ഭിന്നശേഷി ദിനം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായധനം മിക്ക തദ്ദേശസ്ഥാപനങ്ങളും കൃത്യമായി വിതരണം ചെയ്യുന്നില്ല. വിദ്യാഭ്യാസ സ്കോളർഷിപ്പ് അടക്കമുള്ള സഹായധനമാണ് കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത്.

കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിൽ നിന്ന് പഠനാവശ്യങ്ങൾക്ക് അടക്കം പൂജ എന്ന കുട്ടിക്ക് ഒരു കൊല്ലം കിട്ടേണ്ടത് 28,500 രൂപയാണ്. പൂജയെ പോലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മറ്റ് കുട്ടികൾക്കും സഹായധനം കൃത്യമായി കിട്ടുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ കോഴിക്കോട് കോർപറേഷനും മൂന്ന് പഞ്ചായത്തുകളും മാത്രമാണ് മുഴുവൻ തുകയും വിതരണം ചെയ്തത്.

കൃത്യമായ പദ്ധതിയുണ്ടാക്കി തുക വകയിരുത്തിയ തിരുവനന്തപുരം, കൊച്ചി കോർ‍പറേഷനുകൾ ധനസഹായം പൂർണ്ണമായും വിതരണം ചെയ്തു. എന്നാൽ ഇത്തരം കുട്ടികളുടെ കൃത്യമായ കണക്ക് പോലും കൈയ്യിലില്ലാത്ത തദ്ദേശസ്ഥാപനങ്ങളുമുണ്ട്. സ‍ർക്കാർ പലതവണ നിർദ്ദേശം നൽകിയിട്ടും തദ്ദേശസ്ഥാപനങ്ങൾ അലംഭാവം കാട്ടുന്നുവെന്നാണ് സാമൂഹ്യനീതി വകുപ്പിന്‍റെ വിശദീകരണം.