ബ്രിട്ടന്റെയോ അമേരിക്കയുടെയോ സൈന്യം രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവിടെ നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് വിദഗ്ധരുടെ അനുമാനം


ബെര്‍ലിന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പായി ജര്‍മ്മനിയില്‍ കണ്ടെത്തിയ ഭീമന്‍ ബോംബ് നിര്‍വ്വീര്യമാക്കി. ജര്‍മ്മന്‍ നഗരമായ ലുഡ്‍വിഗ്ഷഫെനിലാണ് ഏകദേശം 500കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത്. ബ്രിട്ടന്റെയോ അമേരിക്കയുടെയോ സൈന്യം രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവിടെ നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് വിദഗ്ധരുടെ അനുമാനം.

70 വർഷത്തെ പഴക്കമുള്ള ഈ ഭീമന്‍ ബോംബ് കണ്ടുപിടച്ചതിന് പിന്നാലെ നഗരത്തില്‍ താമസിച്ചിരുന്ന പതിനായിരക്കണക്കിന് ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ബോംബ് നിര്‍വീര്യമാക്കിയത്. ഇതോടെ ഒഴിപ്പിച്ച ജനങ്ങളോട് തിരികെ അവരവരുടെ വീടുകളിലേക്ക് മടങ്ങി എത്താന്‍ ലുഡ്‍വിഗ്ഷഫെനിലെ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബെര്‍ലിനിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യം നിക്ഷേപിച്ച ബോംബ് ഇവിടെ നിന്നും കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഈ ബോംബും പിന്നീട് നിര്‍വീര്യമാക്കുകയായിരുന്നു.