ദുബായ് പാര്‍ക്ക്‌സ് ആന്‍റ് റിസോര്‍ട്സ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കാണ്. മോഷന്‍ ഗേറ്റ്, ലെഗോ ലാന്‍റ്, ബോളിവുഡ് പാര്‍ക്ക്, വാട്ടര്‍പാര്‍ക്ക് തുടങ്ങിയ വിനോദോപാധികളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഹോട്ടലും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഒക്ടോബറില്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഓഗസ്റ്റ് 15 ന് ഉദ്ഘാടനം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോഗോലാന്‍റ്, ബോളിവുഡ് പാര്‍ക്ക്, മോഷന്‍ ഗേറ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹവും കുട്ടികള്‍ക്ക് 250 ദിര്‍ഹവുമായിരിക്കും പ്രവേശന ഫീസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ഈ തീം പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു ദിവസം 30,000 പേര്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള സൗകര്യമുണ്ട്. ഒരു ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് ഈ വമ്പന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.