നടന്‍ മുകേഷിനെതിരെ സി.പി.എം കൊല്ലം ജില്ലാ നേതൃത്വം രംഗത്തെത്തി. അമ്മയുടെ വാര്‍ത്താസമ്മേളനത്തിനിടെയിലെ മാധ്യമങ്ങള്‍ക്കെതിരായ വികാരപ്രകടനത്തില്‍ മുകേഷിനോട് വിശദീകരണം ചോദിച്ചേക്കും. ഇതിനിടെ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തി.

അമ്മയുടെ വാര്‍ത്താസമ്മേളനത്തിനിടെയിലെ മുകേഷിന്റെ വികാരപ്രകടനം ഒഴിവ‌ാക്കാമായിരുന്നു എന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മുകേഷ് ചലച്ചിത്രതാരം മാത്രമല്ല ജനപ്രതിനിധി കൂടിയാണ് എന്ന കാര്യം ഓര്‍ക്കണമായിരുന്നു. അടുത്ത ദിവസം കൊല്ലത്തെത്തിയ ശേഷം ഇക്കാര്യത്തില്‍ മുകേഷിനോട് വിശദീകരണം ചോദിക്കാനാണ് നീക്കം. നടിയെ ആക്രമിച്ച സംഭവം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തത് ഇതിനിടെ വ്യാപക വിമര്‍ശനത്തിനിടയാക്കി. ചലച്ചിത്രമേഖലയിലെ പുരുഷാധിപത്യം അവസാനിച്ചുവെന്നും സിനിമയിലെ പഴയ തലമുറ ഈ മാറ്റം കാണണമെന്നും എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാരംഗത്ത് നടക്കുന്ന ഉളളുകള്ളികള്‍ പുറത്തുവരണമെന്ന് ജി സുധാകരന്‍ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അമ്മ ഉത്തരവാദിത്ത ബോധം കാണിച്ചില്ലെന്നായിരുന്നു പി.കെ ശ്രീമതിയുടെ വിമര്‍ശനം. ഒരു പടി കൂടി കടന്ന ചെറിയാന്‍ ഫിലിപ്പ് ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. നടിയ്‌ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ട് അമ്മയില്‍ നിന്നും ഒരു പ്രമേയം പ്രതീക്ഷിച്ചിരുന്നു, അതുണ്ടാകാത്തത് ഖേദകരമെന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. കൊല്ലത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ മുകേഷിന്റെയും ഗണേഷ്കുമാറിന്റെയും കോലം കത്തിച്ചു.