അഹമ്മദാബാദ്: ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഗുജറാത്തി എഴുത്തുകാരന്‍ അമൃത്‌ലാല്‍ മക്‌വാന പുരസ്‌കാരം തിരിച്ചുനല്‍കുന്നു. ഗുജറാത്ത് സര്‍ക്കാറിന്റെ ദേശീ ജീവന്‍ ശ്രേഷ്ഠ ദളിത് സാഹിത്യ കൃതി പുരസ്‌കാരമാണ് അദ്ദേഹം തിരിച്ചുനല്‍കുന്നത്. 

പുരസ്‌കാരമായി നല്‍കിയ 25,000 രൂപയും ഫലകവും നാളെ തന്നെ അഹമ്മദാബാദ് ജില്ലാ കലക്ടറെ ഏല്‍പ്പിക്കുമെന്ന് മക്‌വാന അറിയിച്ചു. 

ഗുജറാത്തില്‍ ദളിതര്‍ക്കതിരെയുള്ള ആക്രമണങ്ങള് വര്‍ദ്ധിക്കുകയാണ്. എന്നാല്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അമൃത്‌ലാല്‍ മക്‌വാന ആരോപിച്ചു. 

ജൂലൈ 11നാണ് ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന് നാലു ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുജറാത്തില്‍ ദളിത് പ്രക്ഷോഭത്തിന് ഈ സംഭവം വഴിവെച്ചിരുന്നു.