മാവേലിക്കരയില്‍ എസ്.ഐയുടെ വാഹന പിടിത്തവും അപമര്യാദയായുള്ള ഇടപെടലും മുന്‍പും പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.
ആലപ്പുഴ: അന്യായമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പോലീസ് സ്റ്റേഷനില് കുത്തിയിരുന്നും കിടന്നും പ്രതിഷേധം. മാവേലിക്കരയിലെ ഓഫീസ് പൂട്ടിയ ശേഷം വീട്ടിലേക്ക് ഇരുചക്രവാഹനത്തില് പോകുകയായിരുന്ന യുവാവിനെ പോലീസ് ജീപ്പ് വട്ടംവെച്ച് അപകടകരമായ നിലയില് തടയുകയും അന്യായമായി കസ്റ്റഡിയില് എടുക്കുകയും ചെയ്ത എസ്.ഐയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കുത്തിയിരുപ്പ് സമരം.
ഇന്നലെ രാത്രി 8 മണിയോടെ ഏ.ആര്. ജംഗ്ഷനിലായിരുന്നു സംഭവം. പരസ്യ ഏജന്സിയായ മിത്രം അഡ്വര്ടൈസിങ് സ്റ്റാഫ് വെട്ടിയാര് സ്വദേശി സുജിത്തും ഏജന്സി ഉടമയുടെ സഹോദരി പുത്രനും സ്ഥാപനം അടച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. പോലീസ് ജീപ്പ് സിനിമാ സ്റ്റൈലില് അവരെ പിന്തുടര്ന്ന് ബൈക്കിന് വട്ടം വെച്ച് നിര്ത്തി. അപകടത്തില് നിന്നും യുവാക്കള് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള് പറയുന്നു.
ബൈക്ക് റോങ് സൈഡാണെന്നും ഹെല്മറ്റില്ലയെന്നും ജീപ്പിലുണ്ടായിരുന്ന എസ്ഐ ജിജിന് പറഞ്ഞു. പിഴ എഴുതി തന്നാല് കോടതിയില് തുക അടയ്ക്കാമെന്ന് പറഞ്ഞപ്പോള് സുജിതിനെ ജീപ്പില് കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. 45 മിനിറ്റോളം നഗരത്തില് പലയിടങ്ങളിലായി സഞ്ചരിച്ച ശേഷമാണ് യുവാവിനെ സ്റ്റേഷനി എത്തിച്ചത്. അവിടെയും ഒരു മണിക്കൂറോളം ഇരുത്തി. സംഭവം അറിഞ്ഞ് നഗരസഭ കൗണ്സിലറും കേരള കോണ്ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റുമായ കോശി തുണ്ടുപറമ്പില് എസ്ഐയോട് സംസാരിച്ചതിനെ തുടര്ന്ന് എസ്.ഐ സുജിത്തിനോട് വീട്ടിലേക്ക് പോകാന് ആവശ്യപ്പെട്ടു.
എന്നാല് ബൈക്കിന്റെ താക്കോല് കൊടുക്കാന് തയ്യാറായില്ല. സംഭവം കേട്ടറിഞ്ഞെത്തിയ സ്ഥാപന ഉടമ അനി വര്ഗീസ് യുവാവിനെ അന്യായമായി കസ്റ്റഡിയില് എടുത്ത് പീഡിപ്പിച്ച എസ്.ഐയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷന് മുന്നില് കുത്തിയിരിപ്പ് സമരവും കോശി തുണ്ടിപറമ്പില് കിടന്ന് പ്രതിഷേധവും നടത്തി. തുടര്ന്ന് സി.ഐ. സ്ഥലത്തെത്തി ഇവരുമായി ചര്ച്ച നടത്തി. സമരം രാത്രി 11.30 വരെ നീണ്ടു. തുടര്ന്ന് ജില്ലാ പോലീസ് മേധാവി ഇവരുമായി ബന്ധപ്പെട്ട് എസ്.ഐയ്ക്ക് എതിരെ നടപടി എടുക്കാമെന്ന് അറിയിച്ചതിനെ തുടര്ന്നാണ് സമരം അവസാനിച്ചത്.
മാവേലിക്കരയില് എസ്.ഐയുടെ വാഹന പിടിത്തവും അപമര്യാദയായുള്ള ഇടപെടലും മുന്പും പ്രശ്നങ്ങള്ക്ക് കാരണമായിരുന്നു. രണ്ട് ആഴ്ച മുന്പ് സിപിഎമ്മിന്റെ വനിത ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെയും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് അംഗത്തിനേയും ഭീഷണിപ്പെടുത്തിയതിനും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനും ഇയാള്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉള്പ്പടെയുള്ളവര്ക്ക് പരാതി നല്കിയിരുന്നു. കഴിഞ്ഞ ദിവസം ബോയിസ് സ്കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര് സിനിമാ സ്റ്റൈലില് പിടികൂടിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എസ്.ഐയുടെ നടപടികള്ക്കെതിരെ നിരവധി പരാതികള് നിലവിലുണ്ടായിട്ടും ഇയാള്ക്കെതിരെ നടപടിയുണ്ടാകാത്തത് ഭരണതലത്തിലുള്ള ഉന്നതന്മാരുമായുള്ള ബന്ധം കാരണമാണെന്ന് നാട്ടുകാര് ആരോപിക്കുന്നു.
