അബുദാബി: കാല്‍ നൂറ്റാണ്ടിനു ശേഷം അബുദാബി മലയാളി സമാജം സംഘടിപ്പിച്ച നാടകോത്സവം പുരോഗമിക്കുന്നു. ആത്മസംഘര്‍ഷങ്ങളുടെ കഥപറഞ്ഞ ശക്തി തിയേറ്റേഴ്‌സിന്റെ നാടകമായ 'യമദൂത്' ആസ്വാദശ്രദ്ധ പിടിച്ചുപറ്റി. അബുദാബിയിലെ നാടക ആസ്വാദകരെ ശക്തി തിയറ്റേര്‍സ് ഇക്കുറിയും നിരാശരാക്കിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷേക്‌സ്​പിയറിന്‍റെ വിഖ്യാത കഥാപാത്രങ്ങളായ ഒഥല്ലൊ, ഇയാഗൊ, ഡെസ്റ്റിമോണ എന്നീ കഥപാത്രങ്ങളിലൂടെയാണ് യമദൂത് കഥ പറയുന്നത്. സ്വന്തം മനസ്സില്‍ കടന്നുകൂടിയ ജാരനെ പുറമേ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതം മരണത്തേക്കാള്‍ ഭയാനകമായിക്കുമെന്ന് ബോധ്യപ്പെടുത്തുകയാണ് ഡോ. വിനയകുമാര്‍ രചിച്ച് അഭിമന്യു വിനയകുമാര്‍ സംവിധാനംചെയ്ത യമദൂത്.

രംഗപശ്ചാത്തലത്തിലും ശബ്ദത്തിലും വെളിച്ചത്തിലും സംഗീതത്തിലും മികവുപുലര്‍ത്തുന്നതായിരുന്നു നാടകം. ഒഥല്ലൊയായി പ്രകാശും, ഇയാഗോയായി ജാഫറും ഡെസ്റ്റിമോണയായി ഷിജിന കണ്ണന്‍ ദാസും വേഷമിട്ടു. കാല്‍ നൂറ്റാണ്ടിനുശേഷം അബുദാബി മലയാളി സമാജം സംഘടിപ്പിച്ച നാടകോത്സവം സദസ്സിന്‍റെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ഥതപുലര്‍ത്തുന്ന ഒമ്പത് നാടകങ്ങളാണ് ഇക്കുറി വേദിയിലെത്തുന്നത്. മികച്ച നാടകത്തിന് 15,001 ദിര്‍ഹമാണ് സമ്മാനം.