കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയ കാലത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള വീഡിയോ ആണ് ടിക് ടോക്കിലൂടെ വൈറലായത്

ശബരിമലയിലെ സംഭവ വികാസങ്ങളോടെ കേരളത്തിലെന്നല്ല പുറത്തും യതീഷ് ചന്ദ്രയെന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ പേര് ചര്‍ച്ചയാകുകയാണ്. യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ പരാതിയില്‍ കേന്ദ്രം വിഷയത്തില്‍ ഇടപെടുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കേന്ദ്ര മന്ത്രിയുടെ പരാതി തന്നെയാണ് ചര്‍ച്ചകളുടെ അടിസ്ഥാനം.

സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ തുടരുകയാണ്. ഒരു വിഭാഗം യതീഷ് ചന്ദ്രയുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ്. ക്രമസമാധാന ചുമതല ഭംഗിയായി നിര്‍വ്വഹിക്കാന്‍ സാധിച്ചുവെന്നതിന്‍റെ പേരിലാണ് അഭിനന്ദനം. രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളുടെ കാര്യവും അങ്ങനെ തന്നെ. ഒരു വിഭാഗം അനുകൂലിക്കുമ്പോള്‍ വേറെ ചിലര്‍ പ്രതികൂലിക്കുകയാണ്.

അതിനിടയിലാണ് പ്രളയകാലത്തെ യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയ കാലത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള വീഡിയോ ആണ് ടിക് ടോക്കിലൂടെ വൈറലായത്. ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങുന്നവര്‍ക്കുള്ള സാധനങ്ങള്‍ നിറച്ച ചാക്കുകെട്ട് ഒറ്റക്ക് ചുമലിലേന്തുന്ന യതീഷ് ചന്ദ്രയാണ് വീഡിയോയിലുള്ളത്.