ദില്ലി: ഇടതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കുറിപ്പ് നല്‍കിയത് വിഎസ് ആണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വി എസ്, തനിക്ക് കൈമാറുകയായിരുന്നുവെന്നാണ് യെച്ചൂരി പറയുന്നത്. ക്യാബിനറ്റ് പദവിയോടെ എല്‍ ഡി എഫ് ചെയര്‍മാനാക്കണമെന്ന് കുറിപ്പില്‍ ഉണ്ടായിരുന്നു. വി എസിന്റെ പദവി പിബി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ഉപദേഷ്ടാവാക്കണമെന്നും എല്‍ഡിഎഫ് ചെയര്‍മാനാക്കണമെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. വി എസ് കുറിപ്പ് വായിക്കുന്ന ചിത്രവും കുറിപ്പിലെ വിശദാംശങ്ങളും ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് പദവികള്‍ വാഗ്ദ്ധാനം ചെയ്‌തുകൊണ്ട് സീതാറാം യെച്ചൂരി നല്‍കിയ കുറിപ്പ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സീതാറാം യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കുറിപ്പ് വി എസിന്റെ സ്റ്റാഫ് അംഗങ്ങളാണ് കൊണ്ടുവന്നതെന്നാണ് വിവരം. വി എസിന്റെ മകന്‍ അരുണ്‍കുമാര്‍ ആണ് കുറിപ്പ് എഴുതി വി എസിന്റെ സ്റ്റാഫ് അംഗങ്ങളുടെ കൈവശം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. അതേസമയം വി എസിന് അര്‍ഹമായ പദവി നല്‍കുമെന്നാണ് ഇപ്പോഴും കേന്ദ്രനേതൃത്വം പറയുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത പിബി യോഗത്തില്‍ വിഎസിന്റെ പദവി സംബന്ധിച്ച കാര്യം ചര്‍ച്ചയാകും. വി എസിന്റെ കുറിപ്പ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസിന്റെ കുറിപ്പ് പരസ്യമായത് പിബി യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കുമെന്നാണ് സൂചന.