ഉചിതമായ നടപടി സെക്രട്ടറിയേറ്റ് യോഗം കൈക്കൊള്ളും. തീര്‍ച്ചയായും തിരുത്തലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ഇപി ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം പിബിയിലെ പ്രബലവിഭാഗം ഉറച്ചു നില്ക്കുകയാണ്.

ഇപി ജയരാജനെതിരെ അച്ചടക്ക നടപടിക്കു സാധ്യതയുണ്ടെന്ന സൂചനയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി നല്കുന്നത്. ദേശീയ തലത്തില്‍ തന്നെ ഈ വിവാദം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന വിഭാഗത്തിന്റെ ബലം കേരളഘടകത്തിന്റെ പിന്തുണയാണ്. അതിനാല്‍ കേരളത്തില്‍ ഇപ്പോഴുയര്‍ന്ന ഈ ബന്ധുനിയമനവിവാദം പിബിയില്‍ കേരളത്തിന്റെ അപ്രമാദിത്വത്തെ എതിര്‍ക്കുന്ന ബംഗാള്‍ പക്ഷത്തിന് ആയുധമാകുകയാണ്. ഇപി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ല എന്നു തന്നെയാണ് പിബിയിലെ പ്രബലപക്ഷം ഇപ്പോഴും വ്യക്തമാക്കുന്നത്. തെറ്റ് ഏറ്റുപറയുമ്പോഴും കടുത്ത നടപടിക്ക് കാരണമില്ലെന്നാണ് പിണറായിയെ ശക്തമായി പിന്തുണയ്ക്കുന്ന ഈ നേതാക്കളുടെ അഭിപ്രായം. എന്നാല്‍ ജയരാജനെതിരെ കടുത്ത നടപടി തന്നെ വേണം എന്നാണ് യെച്ചൂരി ഉള്‍പ്പടെയുള്ള മറുപക്ഷത്തിന്റെ നിലപാട്. സംസ്ഥാനസെക്രട്ടറിയേറ്റിനു മുമ്പ് തന്റെ നിലപാട് എന്തെന്ന സന്ദേശം യെച്ചൂരി ഇന്നത്തെ പ്രതികരണത്തിലൂടെ പരസ്യമായി നല്കിയിരിക്കുന്നു. കേരളത്തില്‍ സ്വീകരിക്കുന്ന നടപടി എന്തായാലും ഈ വിവാദത്തിന്റെ പ്രത്യാഘാതം കേരളത്തില്‍ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതാക്കള്‍ക്കിടയിലെ രണ്ടഭിപ്രായം.