കോണ്‍ഗ്രസുമായി സഹകരണം തുടരണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളണമെന്ന് ദില്ലിയില്‍ തുടങ്ങിയ പിബി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി വിളിച്ചു ചേര്‍ത്തിരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഹകരണമാണ് പ്രധാന ചര്‍ച്ച. പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം ലംഘിച്ചു എന്ന വാദം തള്ളിക്കളയുന്ന റിപ്പോര്‍ട്ട് ബംഗാള്‍ ഘടകം പിബിയില്‍ വച്ചു. എന്നാല്‍ കോണ്‍ഗ്രസ് സഹകരണം തുടരണമെന്ന നിര്‍ദ്ദേശത്തോട് കടുത്ത എതിര്‍പ്പാണ് ഒരു വിഭാഗം പ്രകടിപ്പിച്ചത്. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്ക് അനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. വിഎസിന്റ പദവി ഇത്തവണ അജണ്ടയില്‍ ഇല്ലെങ്കിലും ഇക്കാര്യം നേതൃയോഗത്തില്‍ ഉയര്‍ന്ന വന്നേക്കും. വി എസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാന്‍ പി ബി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ പോലെയുള്ള പദവികള്‍ വേണ്ടെന്ന് വി എസ് വ്യക്തമാക്കി എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിഎസുമായി സീതാറാം യെച്ചൂരി ഇന്നോ നാളെയോ സംസാരിക്കും. വിഎസിനെതിരെയുള്ള പരാതി പരിഗണിക്കുന്ന പിബി കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന. ഇതിനുള്ള സമയപരിധി നിശ്ചയിക്കും. കേരളത്തിലെ വലിയ വിജയത്തിനിടയിലും ചില മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തു പോയതും ബിജെപിയുടെ വളര്‍ച്ചയും ഗൗരവമായി കാണുമെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഘടകം പിബിക്ക് നല്‍കിയിരിക്കുന്നത്.
