ദില്ലി: വി എസ് അച്യുതാനന്ദനെതിരെയുള്ള പരാതി പരിഗണിക്കുന്ന പോളിറ്റ് ബ്യൂറോ കമ്മീഷന്റെ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ തുടങ്ങുന്ന പിബി യോഗത്തില്‍ മുന്നോട്ടു വയ്ക്കും. വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കോണ്‍ഗ്രസുമായി സഹകരണം തുടരണമെന്ന ബംഗാള്‍ ഘടകത്തിന്റെ വാദം തള്ളണമെന്ന് കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെടും.
ഒരു ദിവസത്തെ സി പി എം പിബി യോഗത്തിലും മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അവലോകനമാണ് പ്രധാന ചര്‍ച്ചാ വിഷയം. വി എസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെയുള്ള പദവി നല്കാന്‍ പിബി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുറിപ്പ് വിവാദത്തിനു ശേഷം വിഎസ് പദവി ഏറ്റെടുക്കാന്‍ തയ്യാറല്ല. മാത്രമല്ല ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ പോലെയുള്ള പദവികള്‍ വേണ്ടെന്ന് വിഎസ് വ്യക്തമാക്കി എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിഎസുമായി യോഗത്തിനിടെ കേന്ദ്ര നേതാക്കള്‍ സംസാരിക്കും. സംസ്ഥാനഘടകം ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി പിബിയില്‍ വിശദീകരിക്കും. ഒപ്പം വിഎസിനെതിരെയുള്ള പരാതി പരിഗണിക്കുന്ന പിബി കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ മുന്നോട്ടു വയ്ക്കും. ഇതിനുള്ള സമയപരിധി പിബി തീരുമാനിച്ചേക്കും. വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്നതാണ് യെച്ചൂരിയുടെ താല്പര്യം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പരസ്യ സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനവുമായി ഒത്തു പോകുന്നതല്ലെന്ന് നേരത്തെ സി പി എം പോളിറ്റ് ബ്യൂറോ പ്രാഥമികമായി വിലയിരുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിക്കുന്ന തെരഞ്ഞെടുപ്പ് അവലോകനമാണ് ബംഗാള്‍ ഘടകം തയ്യാറാക്കിയിരിക്കുന്നത്. ഇത് തള്ളിക്കളയണമെന്ന് കേരളം, തമിഴ്‌നാട് തുടങ്ങിയ ഘടകങ്ങള്‍ വാദിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ബംഗാള്‍ സഖ്യം കേന്ദ്ര കമ്മിറ്റിയില്‍ ആയുധമാക്കാനും ഒരു വിഭാഗം തയ്യാറെടുക്കുന്നുണ്ട്.
