1996 ഡിസംബർ ആറിന് ബാബ്‍റി മസ്ജിദ് തകർത്തത് 'ഹെഡ് ബാൻഡ്' ധരിച്ചവരെന്ന് ഓർക്കണമെന്ന് സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട്. ആദ്യം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്ന് പറ‌ഞ്ഞ ആർഎസ്എസ് മേധാവി മോഹൻഭാഗവതിന്‍റെ ഇപ്പോഴത്തെ നയംമാറ്റം ഇരട്ടത്താപ്പ്. ശബരിമലയിൽ വിധി നടപ്പാക്കാതെ സർക്കാരിന് മറ്റൊരു വഴിയുമില്ല. അത് സമരം നടത്തുന്ന കോൺഗ്രസിനും ബിജെപിയ്ക്കും അറിയാവുന്നതാണെന്നും യെച്ചൂരി.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 1996 ഡിസംബർ ആറിന് ബാബ്‍റി മസ്ജിദ് തകർത്തത് 'ഹെഡ് ബാൻഡ്' ധരിച്ചവരെന്ന് ഓർക്കണമെന്ന് സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയിലെ കാഴ്ചകൾ ബാബ്‍റി മസ്ജിദിനെ ഓർമിപ്പിയ്ക്കുന്നതാണ്. വർഗീയസംഘർഷമുണ്ടാക്കാനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണ് കോൺഗ്രസും ബിജെപിയും ശ്രമിയ്ക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. 

ആദ്യം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ആർഎസ്എസ് മേധാവി മോഹൻഭാഗവത് ഇപ്പോൾ നിലപാട് മാറ്റുന്നതെങ്ങനെയെന്ന് യെച്ചൂരി ചോദിച്ചു. മോഹൻഭാഗവതിന്‍റെ ഈ നയം ഇരട്ടത്താപ്പാണ്. മുത്തലാഖ് വിഷയത്തിൽ മതവികാരം കണക്കിലെടുക്കാതെയല്ലേ കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുത്തതെന്നും യെച്ചൂരി ചോദിച്ചു. 

ശബരിമലയിൽ വിധി നടപ്പാക്കാതെ സർക്കാരിന് മറ്റൊരു വഴിയുമില്ല. അത് സമരം നടത്തുന്ന കോൺഗ്രസിനും ബിജെപിയ്ക്കും അറിയാവുന്നതാണ്. ലിംഗനീതിയെന്ന ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശത്തിലൂന്നിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിൽ ഓർഡിനൻസ് കൊണ്ടുവന്നാലും നിലനിൽക്കില്ലെന്ന കാര്യം വ്യക്തമാണ്. എന്നിട്ടും ഇരുപാർട്ടികളും ഇടത് സർക്കാരിനെ പ്രതിയാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്: യെച്ചൂരി പറഞ്ഞു.