ഈദുല്‍ ഫിത്ര്‍ പ്രമാണിച്ച് നിര്‍ത്തി വച്ചിരുന്ന യെമന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയപ്രകാരം യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും, അന്‍സറുള്ള മൂവ്‌മെന്റും ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസുമായുള്ള സമാധാന ചര്‍ച്ച കുവൈത്തില്‍ ആരംഭിച്ചത്.
യെമന്‍ സമാധാന ചര്‍ച്ചകളില്‍ തടവുകാരെയും ബന്ദികളെയും സംബന്ധിച്ചുള്ള കമ്മിറ്റിയുമായി ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ഇസ്മായേല്‍ ഔള്‍ഡ് ചെയ്ക് അഹ്‍മദ് ചര്‍ച്ച നടത്തി. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സംബന്ധിച്ച് ചര്‍ച്ചയാണ് യോഗത്തില്‍ പ്രധാനമായും നടന്നത്. യെമന്‍ പ്രസിഡന്റും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി റിയാദില്‍ ഉടന്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക പ്രതിനിധി അധ്യക്ഷത വഹിക്കും.
യെമനിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്ന് പ്രതിനിധി സംഘങ്ങളോട് കുവൈത്ത് ആവശ്യപ്പെട്ടു. യെമനില്‍ ഭരണസ്ഥിരത പുനഃസ്ഥാപിക്കാനും കലാപം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനും മൂന്നു പ്രതിനിധി സംഘങ്ങളും ഇരട്ടി പ്രയത്‌നിക്കണമെന്നും കുവൈറ്റ് ആക്ടിംഗ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് സാബാ ഖാലിദ് അല്‍ ഹമദ് അല്‍ സാബാ അഭ്യര്‍ഥിച്ചു. എന്നാല്‍ മുന്‍ ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കിവേണം ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനെന്ന് അന്‍സറുള്ള മൂവ്‌മെന്റും ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
