ന്യൂയോര്‍ക്ക്: കുട്ടികളുൾപ്പടെ 23 സാധാരണക്കാരുടെ ജീവനെടുത്ത യമനിലെ സൈനീക നടപടിയെ ന്യായീകരിച്ച് അമേരിക്ക. ഇപ്പോൾ ചിലരുടെ ജീവൻ നഷ്ടപ്പെട്ടെങ്കിലും ഭാവിയിലുണ്ടായേക്കാവുന്ന വൻ വിപത്തുകളാണ് ആക്രണത്തിലൂടെ തടഞ്ഞതെന്ന് വൈറ്റ് ഹൗസ് വക്താവ് സീൻ സ്പൈസര്‍ .യെമനിലെ അമേരിക്കൻ നടപടികൾ തുടരുമെന്നും സ്പൈസര്‍ മുന്നറിയിപ്പ് നൽകി

കഴിഞ്ഞ ശനിയാഴ്ചയാണ് യമനിലെ യാക്‍ലയിൽ , അൽ ഖ്വൈദ ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് നേതാക്കളുൾപ്പടെ 14 ഭീകരരെ വധിച്ചുവെന്നായിരുന്നു അമേരിക്കൻ സൈന്യത്തിന്‍റെ വാദം . പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള അമേരിക്കയുടെ ആദ്യ സൈനീക നടപടിയെന്ന പ്രത്യേകതയും ഈ ആക്രമണത്തിനുണ്ടായിരുന്നു.

എന്നാൽ അമേരിക്കൻ ആക്രമണത്തിൽ ഭീകരരെക്കാൾ ജീവഹാനിയുണ്ടായത് സാധാരണക്കാരായ ജനങ്ങൾക്കാണ്. 23 സാധാരണക്കാരാണ് മരിച്ചത്. ഇതിൽ 10 കുട്ടികളും ഉൾപ്പെടുന്നു. അമേരിക്കൻ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭ അടക്കമുള്ളവര്‍ സംഘടനകൾ വിമര്‍ശനവുമായെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് അമേരിക്കയിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഭാവിയിലെ ചില വിപത്തുകൾ തടയാനായി ചിലപ്പോൾ ചില ജീവനുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സംഭവത്തിൽ വൈറ്റ് ഹൗസ് വക്താവ് സീൻ സൈപസറുടെ വിശദീകരണം. 

ഭീകരര്‍ക്കെതിരായ മുന്നേറ്റം പൂര്‍ണ വിജയമാണെന്നും യമനിലെ അമേരിക്കൻ നടപടികൾ തുടരുമെന്നും സ്പൈസര്‍ വ്യക്തമാക്കി. അതിനിടെ അമേരിക്കൻ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരമായ പ്രവര്‍ത്തികളാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ച കുട്ടികളിൽ ഒന്ന് നവജാത ശിശുവായിരുന്നുവെന്നും ഗര്‍ഭണിയായ സ്ത്രീക്കെതിരെ സൈനികൻ നിറയൊഴിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.