ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി പ്രതിഷേധങ്ങളും എതിര്‍വാദങ്ങളും ഉയരുകയാണ്, ഈ ഘട്ടത്തിലാണ് ഗായകന്‍ യേശുദാസ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. സൂര്യ ഫെസ്റ്റിവലിലെ സംഗീതക്കച്ചേരി ശാസ്താവിന് വേണ്ടി സമര്‍പ്പിച്ചു കൊണ്ടായിരുന്നു യേശുദാസ് തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയത്. പിതാവ് അഗസ്റ്റിന്‍ ജോസഫ് രഹസ്യമായി 41 ദിവസം കഠിന വ്രതമെടുത്ത് ശബരിമലയില്‍ പോയ കാര്യവും സ്വന്തമായി അയ്യപ്പസ്വാമിയെ കാണാന്‍ പോയ കാര്യവും യേശുദാസ് വ്യക്തമാക്കിയിരുന്നു. തന്‍റെ കുടുംബം ഒന്നാകെ ഏഴുവര്‍ഷമായി അയ്യപ്പന്‍റെ കാന്തവലയത്തില്‍ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാന്‍ ഇടയായ സാഹചര്യവും അദ്ദേഹം വിവരിച്ചു. ആര്‍ക്കും ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥനയേ തനിക്കുള്ളൂവെന്നും യേശുദാസ് പറഞ്ഞു.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന്‍റെ പൂര്‍ണ്ണരൂപം

ഭഗവാനില്‍ നിന്നുള്ള അനുഗ്രഹം ചരിത്രമല്ല. അതിനെപ്പറ്റി പറയാന്‍ എനിക്കറിയില്ല. കഴിഞ്ഞ ഏഴ് വര്‍ഷം മുന്‍പാണ് അച്ഛന്‍റെ ഒരു സുഹൃത്ത് അദ്ദേഹത്തെ പറ്റി ഒരു പുസ്തകം എഴുതിയത്. ഏതെല്ലാം നിശ്ചയങ്ങളാണ് ഭഗവാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് ചിലര്‍ക്ക് എത്ര ജന്മം എടുത്താലും മനസിലാകില്ല. മനസിലായവര്‍ വളരെ ചുരുക്കവും. 1947ല്‍ എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഞങ്ങള്‍ ആരുമറിയാതെ, എനിക്കെന്തറിയാനാ ഞാന്‍ അമ്മയുടെ കാര്യമാണ് പറയുന്നത്. അമ്മ പോലും അറിയാതെ എന്റെ പിതാവ് 41 ദിവസം കഠിന വ്രതമെടുത്ത് അയ്യപ്പന്‍ കോവിലില്‍ പോയിരുന്നു എന്ന ചരിത്രം ഈ പുസ്തകത്തില്‍ നിന്നാണ് ഞങ്ങള്‍ അറിയുന്നത്. 

1957ല്‍ മധുരമണി സാമിയുടെ കച്ചേരി പൂര്‍ണത്രയീശ ക്ഷേത്രത്തിന് അകത്ത് കയറി കേള്‍ക്കാന്‍ പറ്റാത്തത് കൊണ്ട് നിര്‍ബന്ധിതനായി സുഹൃത്തിനോടൊപ്പം പുറത്ത് നിന്ന കേട്ടു അടിയന്‍. സുഹൃത്ത് ഹിന്ദുവാണ് ഞാനിപ്പോള്‍ ഒന്നുമല്ല. ആ സംഗീത കച്ചേരി കേള്‍ക്കുമ്പോഴാണ് ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു ധ്വനി, ശബ്ദം ഞാന്‍ കേള്‍ക്കുന്നത്. സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ എന്ന്. ഞാന്‍ സുഹൃത്ത് ഗോവിന്ദന്‍ കുട്ടിയുടെ അടുത്ത് അതെന്താണെന്നു ചോദിച്ചു. അയ്യപ്പന്‍ കോവിലില്‍ പോയി വരുന്നവരില്‍ ചിലര്‍ അമ്പലത്തില്‍ പോയി മാലയൂരിയാണ് സ്വഗൃഹത്തിലേക്ക് പോകാറുള്ളതെന്ന് സുഹൃത്ത് പറഞ്ഞു തന്നു. 

എനിക്ക് ഈ അമ്പലത്തില്‍ പോകനൊക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അറിയില്ല നമുക്ക് അന്വേഷിക്കാം എന്ന് സുഹൃത്ത് പറഞ്ഞു. അപ്പോഴും എന്റെ അച്ഛന്‍ പോയിട്ടുള്ള കാര്യം എനിക്കറിയില്ല. അന്ന് ദേവസ്വം ബോര്‍ഡില്ല. അയ്യപ്പ സമാജമാണുള്ളത്. അവിടെ ചോദിച്ചപ്പോള്‍ 41 ദിവസത്തെ വ്രതമെടുത്ത് ഭക്തിയോടെ ഇരുമുടി എടുത്ത് അവിടെ ആര്‍ക്കും പ്രവേശിക്കാം എന്ന് ഉത്തരമാണ് എനിക്ക് ലഭിച്ചത്. ഞാന്‍ അത് ആരംഭിച്ചു.

ഏഴ് വര്‍ഷങ്ങല്‍ക്ക് മുന്‍പാണ് ഞങ്ങള്‍ പാരമ്പര്യമായി ആ കാന്തവലയത്തില്‍ പെട്ടിട്ടുണ്ട് എന്ന് മനസിലാക്കാന്‍ പറ്റുന്നത്. ഇനി ഇപ്പോള്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല. ആ കാന്തവലയത്തിനകത്ത് തന്നെയാണ് ഞങ്ങള്‍ കിടക്കുന്നത്. കാരണമെന്തെന്നാല്‍ എന്റെ അച്ഛന്‍ നക്ഷത്രം ഉത്രം, കൊച്ചുമോളുടെ നക്ഷത്രം ഉത്രം അനിയന്റെ നക്ഷത്രം ഉത്രം. ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം.

ആദ്യമായി സിനിമയില്‍, സിനിമയുടെ ചരിത്രത്തില്‍ ഒരു അയ്യപ്പ ഗാനം പാടിയത് അഗസ്റ്റിന്‍ ജോസഫ് ആണ്, എന്റെ അച്ഛന്‍. ആ കുടുംബ പാരമ്പര്യമാണ് എനിക്ക് അനുഗ്രഹം കിട്ടിയതെന്ന് ഞാന്‍ കരുതുന്നി അതുകൊണ്ട് അദ്ദേഹം ഭക്തിയോട് വ്രതമെടുത്ത് പാടിയത് കൊണ്ട് നിന്റെ മകനെ കൊണ്ട് ഹരിവരാസനം പാടിപ്പിക്കുമെന്ന് എന്റെ വല്യ പിതാവ് പറഞ്ഞിരുന്നു. അത് പാടുകയും ചെയ്തു. ഇതൊക്കെ നമ്മള്‍ കൈക്കൂലി കൊടുത്ത് വാങ്ങിക്കാന്‍ ഒക്കുന്നതല്ല. അത് ഇനിയെങ്കിലും നമ്മള്‍ അറിയണം. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും.

അനുഭവിച്ച് രുചിക്കുന്നവര്‍ക്കേ ആ രുചി കിട്ടൂ. ധര്‍മ ശാസ്താവ് ധര്‍മമുള്ള ശാസ്താവ് അതിനൊരു സംശയവുമില്ല. ധര്‍മം തന്നെ നടക്കും നടന്നു കൊണ്ടേ ഇരിക്കും. എനിക്ക് പ്രാര്‍ഥിക്കാനുള്ളത് ഇത്രയേ ഉള്ളൂ ആര്‍ക്കും ഒരു ദോഷവും ഉണ്ടാവരുതേ സ്വാമിയേ ശരണമയ്യപ്പ.