കോതമംഗലം: തോമസ് പോൾ റമ്പാനെ പള്ളിയിൽ കയറ്റില്ല, എന്നാല്‍ തോമസ് പോൾ എന്ന വിശ്വാസിയ്ക്ക് പള്ളിയിൽ പ്രവേശിക്കാമെന്ന് യാക്കോബായ വിഭാഗം. ഓർത്തഡോക്സുകാരനായി പ്രവേശിക്കാൻ അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധി എന്തായാലും വിശ്വാസം സംരക്ഷിക്കുമെന്നും യാക്കോബായ വിഭാഗം പറ‍ഞ്ഞു. അതേസമയം, സമവായ ചർച്ചകൾക്ക് തയ്യാറാണെന്നും യാക്കോബായ വിഭാഗം അറിയിച്ചു. 

കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് തോമസ് പോള്‍ റമ്പാനും നിലപാട് കടിപ്പിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ വിശ്വാസികൾ തടഞ്ഞിട്ട് 23 മണിക്കൂർ പിന്നിടുകയാണ്. റമ്പാനും 4 ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളി അങ്കണത്തിൽ പ്രതിഷേധം നടത്തിയിരുന്നു.

ആരാധനാ അവകാശത്തെച്ചൊല്ലി ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ ഓർത്തഡോക്സ് റമ്പാനായ തോമസ് പോൾ ആരാധന നടത്താന്‍ എത്തിയതോടെ ഇന്നലെ സംഘര്‍ഷമുണ്ടായിരുന്നു. രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍  പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു.