ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടത് ഭക്തിയോടെ, രാഷ്ട്രീയലക്ഷ്യത്തോടെയാവരുത്

ലഖ്നൗ: തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിലെ നാല് തലമുറകളില്‍പ്പെട്ടവരും പൂണുല്‍ ധരിക്കാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് രാഹുല്‍ ഇത് ധരിക്കും. ഉത്തര്‍പ്രദേശിലെ ചിമ്പ്രാമുവില്‍ നടന്ന ഒരു പരിപാടിയിലാണ് രാഹുല്‍ ഗാന്ധിക്ക് നേരെ യോഗി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.

ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടത് ഭക്തിയോടെയാണ് അല്ലാതെ രാഷ്ട്രീയലക്ഷ്യത്തോടെയാവരുതെന്ന് പറഞ്ഞ യോഗി രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിലെ നാലുതലമുറകളില്‍പ്പെട്ടവരും ക്ഷേത്രങ്ങളില്‍ പോവാറില്ലെന്നും ആരോപിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തുകൊണ്ട് അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

കഠിനാധ്വാനത്തിലൂടെയാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിച്ചേര്‍ന്നത്. രാഷ്ട്രീയം ഒരു സേവനമാകുമ്പോഴും യുവരാജാവിനെപ്പോലെയാണ് രാഹുല്‍ പെരുമാറുന്നതെന്നും യോഗി ആരോപിച്ചു. വര്‍ഗീയാക്രമണങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശ് പൂര്‍ണ്ണമായും മുക്തമാണെന്നാണ് യോഗിയുടെ വാദം.