ഗോരക്ഷയുടെ പേരില്‍ അക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടിയുണ്ടാവും എന്ന് പുതിയ ഉത്തര്‍പ്രദേശ് ഡി ജി പിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഗോരക്ഷകരെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം ഗോമാതാവിനെ രക്ഷിക്കാനാവില്ല, പകരം പ്രവര്‍ത്തിയാണ് വേണ്ടത്, ഗൊരക്പുറില്‍ വച്ച് നടന്ന ബി ജെ പി- ആര്‍ എസ് എസ് സംയുക്ത മീറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുമത ആചാരങ്ങളുടെ ഭാഗമാണ് പശുക്കള്‍. അതുകൊണ്ട് എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാറിന്‍റെ സഹായത്തോടെ പശുതൊഴുത്തുകള്‍ സ്ഥാപിക്കും, അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗോരക്ഷയുടെ പേരില്‍ സംഘ് പരിവാര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുകയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ആരോപിച്ചു. കറവ വറ്റിയ പശുക്കളെ ബിജെപി പ്രവര്‍ത്തകരുടെ വീടിനുമുന്നില്‍ കെട്ടിയാല്‍ അവരുടെ ഗോ സ്‌നേഹത്തിന്റെ തനിനിറം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
