അച്ചടക്കമില്ലാത്ത ഒരു സമൂഹത്തെ കൊണ്ട് മികച്ച ഭാവിയെ കെട്ടിപ്പൊക്കാനാവില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്

ലക്നൗ: സംസ്ഥാനത്ത് മികച്ച അധ്യാപകരില്ലാത്തില്‍ സര്‍ക്കാരിനെയല്ല, വ്യവസ്ഥിതിയെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധ്യാപക ദിനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വിദ്യാഭ്യാസമുള്ള അനേകം പേരാണ് തൊഴിലില്ലാത്തവരായുള്ളത്.

പ്രെെമറി സ്കൂളുകളിലേക്ക് 68,500 അധ്യാപകരെ നിയമിക്കാനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി അപേക്ഷ സമര്‍പ്പിച്ച 1.05 ലക്ഷം പേരില്‍ 41,556 പേര്‍ പരീക്ഷയില്‍ വിജയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 97,000 അധ്യാപകരുടെ കുറവാണ് പ്രാഥമിക വിദ്യാഭ്യാസ രംഗത്തുള്ളത്.

എന്നാല്‍, യോഗ്യത ഘടകമാക്കി മാത്രം ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം. മികച്ച അധ്യാപകരെ സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പരാജയമാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ശിക്ഷ മിത്രാസ് അധ്യാപകര്‍ തലമുടി വടിച്ച് നടത്തിയ പ്രതിഷേധത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഒരു മത്സരവും കൂടാതെ നിയമനം ലഭിക്കണമെന്നാണ് അവര്‍ പറയുന്നത്. ഏത് തരത്തിലുള്ള ഉദാഹരണമാണ് അവര്‍ അടുത്ത തലമുറയ്ക്ക് നല്‍കുന്നത്. നിയമങ്ങള്‍ തെറ്റിച്ച് ജോലി ചെയ്യണമെന്നാണ് അവരുടെ വാദം. അച്ചടക്കമില്ലാത്ത ഒരു സമൂഹത്തെ കൊണ്ട് മികച്ച ഭാവിയെ കെട്ടിപ്പൊക്കാനാവില്ല.

മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്ത് ഏറ്റവും മുന്നേറ്റമുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശിന് മാറാന്‍ സാധിക്കുകയുള്ളൂ. ഇത് മനസില്‍ വച്ച് നമ്മള്‍ പ്രവര്‍ത്തിക്കണം. അധ്യാപകര്‍ പ്രതിജ്ഞയെടുത്താല്‍ മികച്ച വിദ്യാഭ്യാസം സാധ്യമാകുമെന്നും ആദിത്യനാഥ് പറഞ്ഞു.