ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരായ വര്‍ഗീയ കലാപക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി അലഹബാദ് ഹൈക്കോടതി വിധി പറയാൻ മാറ്റി. പൂവാലൻമാരെ നേരിടാൻ യോഗി ആതിഥ്യനാഥ് രൂപീകരിച്ച ആന്‍റി റോമിയോ ദൾ സദാചാര പൊലീസായി മാറിയതും വിവാദമായി. മാംസവില്‍പന ശാലകള്‍ പൂട്ടിയതോടെ ലഖ്‌നോവിലെ തുണ്ടെ കബാബിലും ബീഫ് വിൽപ്പന നിര്‍ത്തിവച്ചു. 

2007 ജനുവരി 27ന് ഗോരക്പൂരിൽ സാമുദായിക സംഘര്‍ഷത്തിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്തതിനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരായ കേസ്. മതവിദ്വേഷം പ്രചരിപ്പിച്ചതിന് സിബിഐ അന്വേഷണം നടത്തണമെന്ന ഹര്‍ജിയിലാണ് പിന്നീട് വിധി പറയാൻ അലഹബാദ് ഹൈക്കോടതി മാറ്റിയത്. പൂവാലമ്മാരെ പിടികൂടാൻ യോഗി ആതിഥ്യനാഥ് രൂപീകരിച്ച ഉത്തര്‍പ്രദേശ് പൊലീസിന്‍റെ ആന്‍റി റോമിയോ സ്ക്വാഡ് സദാചരപ്പൊലീസായി മാറുന്നുവെന്നാണ് പരാതി. 

ലഖ്നൗവിൽ ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന യുവതി യുവാക്കളെ പൊലീസ് ചോദ്യം ചെയ്തും വിവാദമാി. മാംസവില്‍പന ശാലകള്‍ പൂട്ടിയതോടെ പ്രശസ്തമായ ലഖ്‌നോ തുണ്ടെ കബാബ് വിൽപ്പനയും പ്രതിസന്ധിയിലായി. നിരവധി കബാബ് കടകളാണ് പൂട്ടിയത്. കബാബിൽ നിന്ന് ബീഫ് ഒഴിവാക്കി. അറവുശാലകൾ പൂട്ടിയതോടെ മൃഗശാലകളിലെ വന്യമൃഗങ്ങളും പട്ടിണിയിലായി. കാൺപൂർ സുവോളജിക്കൽ പാർക്ക്, ലഖ്നോ മൃഗശാല, ഇത്വാ ലയൺ സഫാരി മൃഗശാലകളിലെ സിംഹങ്ങളും പുലികളുമടങ്ങുന്ന വന്യജീവികളാണ് മാംസാഹാരം ലഭിക്കാതെ പട്ടിണിയിലായത്.

കോഴിയും ആട്ടിറച്ചിയും വിതരണം ചെയ്യുന്നുണ്ടെങ്കിലും പല മൃഗങ്ങളും ഇവ കഴിക്കുന്നില്ലെന്നാണ് പരാതി. അതിനിടെ കൂട്ട ബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായ യുവതിയെ ആശുത്രിയിലെത്തി സന്ദര്‍ശിച്ച യോഗി അതിഥ്യനാഥ് ഒരുലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൃത്യവിലോപത്തിന് നൂറിലധികം പൊലീസുകാരെയാണ് ഉത്തര്‍പ്രദേശിൽ സസ്പെൻഡ് ചെയ്തത്.