ലക്നൗ: പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും കളിയാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയേക്കാള്‍ ഒരു വയസിന് ഇളപ്പമാണ് എനിക്ക്, അഖിലേഷ് യാദവിനേക്കാള്‍ ഒരു വയസ് കൂടുതലും. ഇരുവരുടെയും സഖ്യത്തിനിടയില്‍ ഞാന്‍ വന്നതാണ് യുപിയില്‍ കോണ്‍ഗ്രസ്-എസ്‌പി സഖ്യം പരാജയപ്പെടാന്‍ കാരണമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഉത്തര്‍‍പ്രദേശില്‍ ആരോടും വിവേചനമുണ്ടാകില്ലെന്നും യോഗി ആദിത്യനാഥ് പാര്‍ലമെന്റിന് ഉറപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ ഗുണ്ടാരാജായിരുന്നു. ഇനി ആരോടും ഒരു വിവേചനവും ഉണ്ടാകില്ല. അത് ഈ സഭക്ക് ഉറപ്പ് നല്‍കുന്നു. ധനകാര്യബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടാണ് ഗോരഖ്പൂറില്‍ നിന്നുള്ള അംഗമായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ തന്റെ മുന്‍ഗണനകളെക്കുറിച്ച് വിശദീകരിച്ചത്.

മോദിയുടെ വികസനകാഴ്ചപ്പാടായാരിക്കും ഉത്തര്‍പ്രദേശിലും നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വലിയ മാറ്റം കൊണ്ടുവരുമെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എതിരാളികളാണെങ്കിലും എല്ല പാര്‍ട്ടികളും വികനസത്തിന് ഒരുമിച്ച് നില്‍ക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി ദില്ലിയിലെത്തിയ ആദിത്യനാഥ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെത്തി എല്ലാവരോടും യാത്ര പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.