ലക്‌നൗ: ചരിത്രനഗരമായ അയോധ്യയില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഘോഷത്തിന്‍റെ ഭാഗമായി 1.71 ലക്ഷം ദീപങ്ങള്‍ കൊണ്ട് അയോധ്യ നഗരം അലങ്കരിക്കും. ദീപാവലി ദിനമായ ഒക്ടോബര്‍ 18ന് അയോധ്യയില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തതായി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് അവസ്‌തി അറിയിച്ചു.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നഗരത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളും സ്ഥലങ്ങളും ആകര്‍ഷകമാക്കും. രാമന്‍റെ ജന്‍മസ്ഥമായ അയോധ്യയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ എത്തിക്കാനാണ് പുതിയ പദ്ധതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ദീപാവലി ദിനത്തില്‍ സരയു നദിക്കരയില്‍ ലൈറ്റ് ഷോയും അരങ്ങേറും. 

അയോധ്യയെ വിനോദ സ‍ഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ 133.70 കോടി അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പ്രദേശത്തെ നവീകരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കും. സരയു നദിക്കരയില്‍ ശിവന്‍റെ പ്രതിമ സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി ലഭിച്ച ശേഷമെ ഇത് നടപ്പാക്കുകയുള്ളൂ.