ബംഗളുരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ ട്വിറ്ററില്‍ തുടരുന്ന പരസ്പര ആക്രമണം ഏറ്റെടുത്ത് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും. ആദിത്യനാഥ് ഡിസംബര്‍ ഏഴിന് ബംഗളൂരു സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ട്വിറ്ററില്‍ വിമര്‍ശനവുമായി എത്തിയത്. ഇത് പിന്നീട് ബിജെപി കോണ്‍ഗ്രസ് ആക്രമണമായി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആദിത്യനാഥ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍നിന്ന് യുപി മുഖ്യമന്ത്രി ഏറെ പഠിക്കാനുണ്ടെന്ന് ആദിത്യനാഥിനെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
" ഇന്ദിരാ കാന്‍റീനും റേഷന്‍ കടകളും സന്ദര്‍ശിക്കണം. നിങ്ങളുടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പട്ടിണി മരണം അഭിമുഖീകരിക്കാന്‍ സഹായിച്ചേക്കും.." സിദ്ധരാമയ്യ കുറിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സിദ്ധരാമയ്യയ്ക്കുള്ള മറുപടിയുമായി യോഗി ആദിത്യനാഥും എത്തി. കര്‍ണാടകയിലെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടെന്നും സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ മരണത്തെയും സ്ഥമാറ്റത്തെയും പരാമര്‍ശിക്കുന്നില്ലെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു.
ഇരുവരുടെയും ട്വീറ്റുകള്‍ അനുഭാവികള്‍ റീട്വീറ്റ് ചെയ്തതോടെ ട്വിറ്ററില്‍ കോണ്‍ഗ്രസ് ബിജെപി തര്‍ക്കം രൂക്ഷമായി. 4239 തവണ ആദിനാഥിന്‍റെയും 2554 തവണ സിദ്ധരാമയ്യയുടെയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തു.
റാലിയ്ക്കിടെ സിദ്ധരാമയ്യയെ ബീഫിന്‍റെ പേരില്‍ വിമര്‍ശിച്ചും യോഗി രംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ അദ്ദേഹം എന്തിനാണ് ബീഫ് കഴിക്കുന്നതിനന്‍റെ വക്താവാകുന്നതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ച രാഹുല്‍ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
