ദില്ലി: ആര്‍.എസ്.എസ് ശാഖകളില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബി.ജെ.പി എം.എല്‍.എ. ഹൈദരാബാദില്‍ നിന്നുള്ള ജനപ്രതിനിധിയായ ടി.രാജ സിംഗ് ആണ് വിവാദ പരാമര്‍ശം നടത്തിയത്. ഞായാഴ്ച മധ്യപ്രദേശില്‍ നടന്ന ആര്‍.എസ്.എസ് യോഗത്തിലാണ് രാജ സിംഗിന്‍റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലെയുള്ള 'മൂര്‍ത്തികളെ' സൃഷ്ടിക്കുന്ന ഫാക്ടറിയാണ് ആര്‍.എസ്.എസ്. 

നിങ്ങള്‍ എല്ലാവരും ഏറ്റവും സമീപത്തുള്ള ആര്‍.എസ്.എസ് ശാഖയില്‍ ചേരണമെന്നാണ് തനിക്ക് പറയാനുള്ളത്. ആര്‍.എസ്.എസില്‍ ചേരാത്ത ഏതെങ്കിലും ഹിന്ദു ഉണ്ടെങ്കില്‍ അവന്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. അവര്‍ക്ക് ഈ രാജ്യത്തെ സേവിക്കാന്‍ കഴിവില്ലാത്തവരാണെന്നും രാജ സിംഗ് പറഞ്ഞു. ഏതു മതത്തില്‍പെട്ടവനായാലും 'ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, എന്നീ മുദ്രവാക്യങ്ങള്‍ വിളിച്ചിരിക്കണം. അതിനു കഴിയാത്തവര്‍ക്ക് ഈ രാജ്യം വിട്ടുപോകാം. 

മറ്റൊരു രാജ്യത്ത് ചെന്ന് 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇവിടെ 'പാകിസ്താന്‍ സിന്ദാബാദ്' വിളിക്കുകയും അഫ്‌സല്‍ ഗുരുവിനെ പോലെയുള്ള ഭീകരരെ മഹത്വവത്കരിക്കുകയും ചെയ്യുന്നു. ലൗ ജിഹാദ് പോലെയുള്ള തിന്മകള്‍ക്കെതിരെ ജനങ്ങള്‍ പോരാടണമെന്നും രാജ സിംഗ് ആഹ്വാനം ചെയ്തു. സമൂഹത്തിന് എന്തെങ്കിലും ചെയ്യാന്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ലൗ ജിഹാദിനെതിരെയും ആദിവാസികളുടെ ഇടയിലെ മതപരിവര്‍ത്തനത്തിനെതിരെയും ബോധവത്കരിക്കുകയാണ് വേണ്ടത്. 

മുസ്ലീംഗള്‍ രാജ്യ വിരുദ്ധര്‍ ആയിരിക്കുന്നത് അസാദ്ദുദീന്‍ ഒവൈസിയെ പോലെയുള്ളവരുടെ പിന്തുണയോടെയാണ്. കോടികളുടെ സ്വത്താണ് ഒവൈസി ആര്‍ജിച്ചിരിക്കുന്നത്. വൃത്തികെട്ട രാഷ്ട്രീയമാണ് ഇവര്‍ കളിക്കുന്നത്. ഇവരുടെ കെണിയില്‍ ജനം വീണുപോകരുതെന്നും രാജ സിംഗ് പറയുന്നു.