ബിജെപി നേതാക്കള്‍ക്ക് കര്‍ശനമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിടുവായിത്തം പറഞ്ഞ് മാധ്യമങ്ങളിലൂടെ സര്‍ക്കാറിനെയും പാര്‍ട്ടിയെയും അവഹേളിക്കാന്‍ ഇടനല്‍കരുത് എന്നാണ് മോദിയുടെ താക്കീത്

ദില്ലി: ബിജെപി നേതാക്കള്‍ക്ക് കര്‍ശനമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിടുവായിത്തം പറഞ്ഞ് മാധ്യമങ്ങളിലൂടെ സര്‍ക്കാറിനെയും പാര്‍ട്ടിയെയും അവഹേളിക്കാന്‍ ഇടനല്‍കരുത് എന്നാണ് മോദിയുടെ താക്കീത്. മഹാഭാരത കാലത്തെ ഇന്‍റര്‍നെറ്റും, ഡാര്‍വിന്‍ തിയറിയുമൊക്കെ സംബന്ധിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ വ്യാപകമായി പരിഹസിക്കപ്പെട്ട വേളയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

നരേന്ദ്ര മോഡി ആപ്പില്‍ക്കൂടി ബി.ജെ.പി എംപിമാരുമായി നടത്തിയ വിഡീയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്യാമറ മുന്നില്‍ കാണുമ്പോള്‍ പലരും പാതിവെന്ത കാര്യങ്ങള്‍ വിളിച്ചു പറയുക പതിവാണ്. വലിയ സാമുഹ്യ ശാസ്ത്രജ്ഞരും വിദ്ഗധരുമെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുകയും മാധ്യമങ്ങള്‍ക്ക് ആവശ്യമായ മസാല നല്‍കുകയുമാണ് പലരും ചെയ്യുന്നതെന്നും മോഡി കുറ്റപ്പെടുത്തി.

ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്ന മന്ത്രി സന്തോഷ് ഗംഗ്വറിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി വിമര്‍ശനവുമായി രംഗത്ത് എത്തിയത്.