ഉടന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്നും അത് തടയണമെങ്കില്‍ പ്രാദേശിക ബിജെപി നേതാക്കളെ കാണണമെന്നുമാണ് പ്രചരിക്കുന്ന സംഭാഷണത്തിലുള്ളത്

ലഖ്‌നൗ: വ്യാജ ഏറ്റുമുട്ടലിലൂടെ മുന്‍ ബ്ലോക് പ്രമുഖിനെ കൊലപ്പെടുത്തുമെന്ന ഫോണ്‍ സംഭാഷണം പുറത്തായതോടെ ഉത്തര്‍പ്രദേശില്‍ പൊലീസുകാരന് സസ്‍പെന്‍ഷന്‍. നിരവധി കേസുകളില്‍ പ്രതിയായ മുന്‍ ബ്ലോക് പ്രമുഖ് ലേഖ്‌രാജ് സിങ് യാദവും മൗന്‍റാണിപുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനീത് കുമാര്‍ സിങ്ങും തമ്മിലുള്ളതെന്ന് സംശയിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള എഴുപതോളം കേസുകളാണ് ലേഖ്‌രാജ് സിങിനെതിരെയുള്ളത്. എന്നാല്‍ മിക്ക കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. ലേഖ്‌രാജ് ഉടന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്നും അത് തടയണമെങ്കില്‍ പ്രാദേശിക ബിജെപി നേതാക്കളെ കാണണമെന്നുമാണ് പ്രചരിക്കുന്ന സംഭാഷണത്തിലുള്ളത്. മൗന്‍റാണിപുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനീത് കുമാറാണ് ഇക്കാര്യം ഫോണിലൂടെ പറയുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിരീക്ഷണത്തിലാണ്. ഏത് നിമിഷവും നിങ്ങള്‍ കൊല്ലപ്പെട്ടേക്കാം.പ്രാദേശിക ബി.ജെ.പി നേതാക്കളെ കണ്ടില്ലെങ്കില്‍ എന്തും സംഭവിക്കാമെന്നും 'ഉദ്ദ്യോഗസ്ഥന്‍' പറയുന്നു. 

അതേസമയം ആരോപണങ്ങള്‍ യു.പി പൊലീസ് നിഷേധിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പോലീസ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പദ്ധതിയിടുന്നുവെന്ന ആരോപണം ഡി.ജി.പി ഒ.പി സിങ് നിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.