ദുബായ്: യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2017ന്റെ മെഗാ ഫൈനലിന് ദുബായില്‍ തുടക്കമായി. എത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ 26 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്.
ഒരുമാസം നീണ്ട മേഖലാ തല മത്സരങ്ങള്‍ക്കുശേഷമുള്ള ഫൈനല്‍ പോരാട്ടത്തിന് രാവിലെ എട്ടുണിക്ക് തുടക്കമായി. യുഎഇയിലെ ഏഴു എമിറേറ്റുകളിലെ 26 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കുന്നു. ദുബായി എത്തിസലാത്ത് അക്കാദമിയില്‍ തയ്യാറാക്കിയ നാലുവേദികളിലായി പതിനേഴിനങ്ങളിലാണ് മത്സരം.
യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധികൂടിയായതിനാല്‍ രാവിലെ മുതല്‍ ആസ്വാദകരുടെ വന്‍തിരക്കാണ് മത്സരവേദികളില്‍ അനുഭവപ്പെട്ടത്. ഭരതനാട്യം, മാര്‍ഗ്ഗംകളി, മോഹിനിയാട്ടം, ദഫ്മുട്ട്മത്സരങ്ങള്‍ നിലവാരംകൊണ്ട് ശ്രദ്ധേയമായി.
സംസ്ഥാന സ്‌കൂള്‍കലോത്സവം നിയന്ത്രിച്ച പതിനൊന്നുപേരടങ്ങുന്ന പാനലാണ് വിധികര്‍ത്താക്കള്‍. ഫൈനല്‍പോരാട്ടത്തിനൊടുവില്‍ യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥാമാക്കുന്ന സ്‌കൂളിന് യുഫെസ്റ്റ് 2017 കിരീടം സമ്മാനിക്കും. നവംമ്പര്‍ പത്തിന് റാസല്‍ഖൈമയിലാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.
