സമൂഹ മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പണം തട്ടൽ പതിവാക്കിയ യുവാവ് പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. വിവാഹ വാഗ്ദാനം നൽകി പട്ടികജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ തട്ടിപ്പുകൾ പുറത്തറിഞ്ഞത്.
മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പണം തട്ടൽ പതിവാക്കിയ യുവാവ് പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. വിവാഹ വാഗ്ദാനം നൽകി പട്ടികജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ തട്ടിപ്പുകൾ പുറത്തറിഞ്ഞത്.
കാസർകോഡ് മധൂർ സ്വദേശി മുഹമ്മദ് അൻസാറാണ് പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് പട്ടികജാതി പീഡന നിരോധന വകുപ്പു പ്രകാരം കസ്റ്റഡിയിലെടുത്ത അൻസാറിനെ ചോദ്യം ചെയ്തതോടെയാണ് ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. സോഷ്യൽ മീഡിയയിലൂടെ ആളുകളെ സുഹൃത്തുക്കളാക്കുകയും പിന്നീട് ഇവരെ കബളിപ്പിച്ച് പണം തട്ടുകയുമാണ് രീതി.
സിനിമയിൽ അഭിനയിക്കാൻ അവസരം, വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി അടക്കമുള്ള വിവിധ വാഗ്ദാനങ്ങളിലൂടെ അൻസാർ പലരിൽ നിന്നായി തട്ടിയത് ലക്ഷങ്ങളാണ്. അൻസാർ പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്.
