ഇന്‍ഡോര്‍: ഉറക്കത്തിനിടെ ദേഹത്തുകയറിയ പാമ്പിനെ യുവാവ് കടിച്ചുമുറിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 28 കാരനായ വിനോദ് രഘുവന്‍ഷിയാണ് ഉറക്കത്തില്‍ പാമ്പിനെ കടിച്ച് രണ്ടാക്കി മുറിച്ചത്.

ഇന്‍ഡോറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് യുവാവ്. തുടര്‍ച്ചയായുള്ള ജോലി കാരണം ക്ഷീണിതനായി നല്ല ഉറക്കത്തിലായിരുന്നു ഇയാള്‍. അതിനാല്‍ ശരീരത്തില്‍ ഇഴഞ്ഞു കയറിയ പാമ്പ് തുറന്നുവച്ച വായില്‍ കയറിയതും പാമ്പിനെ കടിച്ചതുമൊന്നും അറിഞ്ഞില്ല.

പിന്നീട് വിനോദിന്റെ മുറിയിലെത്തിയ അമ്മ മകന്റെ മുഖത്ത് രക്തം കണ്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ നിലവിളി കേട്ട് വിനോദ് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ പാതിമുറിഞ്ഞ പാമ്പിന്റെ ഉടല്‍ തറയില്‍ കിടപ്പുണ്ടായിരുന്നു.

തുടര്‍ന്ന് വിഷചികിത്സകന്‍ നല്‍കിയ മരുന്ന് കഴിച്ചപ്പോള്‍ ശര്‍ദ്ദിച്ചു. അതില്‍ പാമ്പിന്റെ തലയുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് പ്രതിരോധ കുത്തിവയ്പ്പെടുത്തു.

കഴിഞ്ഞ വര്‍ഷം ഝാര്‍ഖണ്ഡില്‍ ആദിവാസി യുവാവ് പാമ്പിനെ കടിച്ച് കൊന്നിരുന്നു. പക്ഷേ പിന്നീട് ഇയാള്‍ മരിച്ചു. മൂന്ന് വര്‍ഷം മുമ്പ് നേപ്പാളിലും സമാന സംഭവം നടന്നിരുന്നു. മൂര്‍ഖന്‍ പാമ്പിനെ കടിച്ച യുവാവും മരിച്ചിരുന്നു.