Asianet News MalayalamAsianet News Malayalam

ബാധ ഒഴിപ്പിക്കാനായി പൊടി വിതറി; ചെറിയച്ഛനെ യുവാവ് വെട്ടി കൊലപ്പെടുത്തി

ഡിവൈഎഫ്ഐ നേതാവ് അനീഷ്  രാജനെ കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ രൂപേഷ്

young man killed fathers brother
Author
Nedumkandam, First Published Aug 24, 2018, 10:42 PM IST

നെടുങ്കണ്ടം: ബാധ ഒഴിപ്പിക്കാനായി പൊടി വിതറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെറിയച്ഛനെ യുവാവ് വെട്ടി കൊലപ്പെടുത്തി. നെടുങ്കണ്ടം മഞ്ഞപെട്ടിയിലാണ് സംഭവം. തോപ്രാംകുടി പെരുംതൊട്ടി അറയ്ക്കപ്പറമ്പില്‍ സെബാസ്റ്റ്യനാണ് കൊല്ലപെട്ടത്. സംഭവുമായി ബന്ധപെട്ട് ഇയാളുടെ ജ്യോഷ്ഠ പുത്രന്‍ മഞ്ഞപെട്ടി എട്ട്മുക്ക് അറയ്ക്കപ്പറമ്പില്‍ ജോസഫ് എന്ന രൂപേഷ് അറസ്റ്റിലായി.

ഡിവൈഎഫ്ഐ നേതാവ് അനീഷ്  രാജനെ കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ രൂപേഷ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തോപ്രാംകുടിയിലെ വീട്ടില്‍ നിന്നും കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കി ഇറങ്ങിയ രൂപേഷിന്‍റെ പിതൃ സഹോദരന്‍ സെബാസ്റ്റ്യന്‍ ഇന്നലെ രാത്രിയോടെ മദ്യവും വാങ്ങി മഞ്ഞപെട്ടിയില്‍ എത്തുകയായിരുന്നു.

വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ രൂപേഷ് പുറത്തേയ്ക്ക് പോയി. ഈ സമയത്ത് സെബാസ്റ്റ്യന്‍ കൈയിലിരുന്ന പൊടി റൂമില്‍ വിതറി. തിരികെ എത്തിയ രൂപേഷ് ഇത് കാണുകയും ഇതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. വീട്ടിലെ ബാധകള്‍ പോകാനാണ് പൊടി വിതറിയെന്നാണ് സെബാസ്റ്റ്യന്‍ പറഞ്ഞതെന്ന് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

തര്‍ക്കത്തിനൊടുവില്‍ മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിലിരുന്ന വാക്കത്തി എടുത്ത് സെബാസ്റ്റ്യനെ വെട്ടുകയായിരുന്നു. തലയില്‍ വെട്ടേല്‍ക്കുകയും തലയോട്ടിയില്‍ മുറിവ് ഉണ്ടാവുകയും ചെയ്തു. സെബാസ്റ്റ്യന്‍ തെന്നി വീണ് പരിക്കേറ്റെന്നും ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആവശ്യപെട്ട് രൂപേഷ് സഹോദരനേയും മറ്റൊരു ബന്ധുവിനേയും പുലര്‍ച്ചെ 3.30 ഓടെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി.

രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന സെബാസ്റ്റ്യനെ മദ്യ ലഹരിയിലായിരുന്ന പ്രതിയും ചേര്‍ന്ന് കസേരയില്‍ ഇരുത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തലച്ചോര്‍ പുറത്ത് കാണാവുന്ന അവസ്ഥയിലാണ് സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതോടെ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പ്രതിയുടെ സഹോദരനും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി പരിസരത്ത് നിന്നും രൂപേഷിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അവിവാഹതനായ ജോസഫ് മഞ്ഞപെട്ടിയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിയ്ക്കുന്നത്. എന്നാല്‍, ഒരുമാസമായി മാതാപിതാക്കള്‍ ഇവിടെ ഉണ്ടായിരുന്നില്ല.

കാല്‍നടയായി അരകിലോമീറ്റര്‍ സഞ്ചരിച്ചെങ്കില്‍ മാത്രമെ രൂപേഷിന്‍റെ വീട്ടില്‍ നിന്നും പുറതെത്താനാവു. കസേരയില്‍ ഇരുത്തിയാണ് രൂപേഷിന്‍റെ സഹോദരനും ബന്ധുവും സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചത്. വീടിനുള്ളിലും റോഡിലും രക്തം വാര്‍ന്ന് കിടപ്പുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.

കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ് മോഹന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടം സിഐ ബി. അയൂബ് ഖാന്‍, എസ്ഐ മാരായ കെ.പി മനീഷ്, സാജു എം. മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2012ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അനീഷ് രാജന്‍ കൊലകേസിലെ പ്രധാന പ്രതിയാണ് രൂപേഷ്. മഞ്ഞപെട്ടി കാമാക്ഷി വിലാസത്ത് വെച്ച് തൊഴിലാളി പ്രശ്നം ചര്‍ച്ച ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ രൂപേഷിന്‍റെ നേതൃത്വത്തില്‍ അക്രമം അഴിച്ചു വിടുകയും അനീഷ് രാജനെ രൂപേഷും സഹോദരനും ചേര്‍ന്ന് കൊലപെടുത്തകയും ചെയ്യുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios