ആലപ്പുഴ: മനസും ലക്ഷ്യവും ഒന്നായാല്‍ പിന്നെ ഭാഷയോ പശ്ചാത്തലമോ പ്രശ്‌നമാണോ ? പല ഭാഷ സംസാരിക്കുന്നവര്‍, വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍, സെന്റ് മൈക്കിള്‍സ് കോളേജില്‍ നടക്കുന്ന ദേശീയ ക്യാമ്പില്‍ പങ്കെടുക്കുന്നത് ഗുജറാത്ത് മുതല്‍ കന്യാകുമാരിവരെയുള്ള യുവാക്കള്‍, എന്നിട്ടും ക്യാന്‍സര്‍ എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഒരേമനസോടെ അവര്‍ അണിനിരന്നു.
കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന ആപ്തവാക്യം അവര്‍ക്ക് നല്‍കി ഡോ.പി.വി.ഗംഗാധരന്‍ മടങ്ങിയതോടെ, തങ്ങള്‍ നേടിയ അറിവ് ഗ്രാമവാസികളിലെത്തിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കാന്‍സര്‍, സത്യവും മിഥ്യയും എന്ന വിഷയത്തില്‍ ഡോ.പി.വി.ഗംഗാധരന്‍ രണ്ട് മണിക്കൂര്‍ ക്ലാസെടുത്തു. തുടര്‍ന്ന് നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോളേജിനോട് തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് ചെറിയ ഗ്രൂപ്പുകളായി ഇറങ്ങി. ഓരോ വീട്ടിലും എത്തി ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ പറ്റിയും, രോഗസാദ്ധ്യതകള്‍ മനസിലാക്കി അവ നേരത്തെ തിരിച്ചറിയാനുള്ള പരിശീലനവും നല്‍കി.
തെലുങ്കിലും, കന്നടയിലും, തമിഴിലും ഹിന്ദിയിലുമായി കാര്യങ്ങള്‍ വിശദീകരിക്കുന്ന യുവാക്കളോട് അവരുടെ ആശയങ്ങള്‍ മനസിലാക്കി സ്‌നേഹത്തോടെ പെരുമാറി ഗ്രാമവാസികളും യുവാക്കളുടെ ഹൃദയം കീഴടക്കി. കേരളം ലോക കാന്‍സര്‍ തലസ്ഥാനമാകുന്നവെന്ന ഭീതി എത്തിക്കുന്നതിനേക്കാളും നേരത്തെ കണ്ടെത്തിയാല്‍ ഏറ്റവും ചിലവ് കുറഞ്ഞ ചികിത്സകളിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് ഇതെന്ന തിരിച്ചറിവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്നാണ്് യുവാക്കള്‍ മുന്നിട്ടിറങ്ങിയത്.
