കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ടനെ അനുജൻ കൊലപ്പെടുത്തിയത് ആയിരം രൂപ നൽകാത്തതിനും, അനുവാദം കൂടാതെ മദ്യം ഉപയോഗിച്ചതിനെന്നും പ്രതിയുടെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം രാത്രിയാണ് ജ്യേഷ്ഠനാനായ ജോയിയെ അനുജൻ ടോമി കോടാലി ഉപയോഗിച്ച് വെട്ടി കൊന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ രണ്ട് ദിവസം മുമ്പ് മംഗലാപുരത്ത് നിന്ന് എലിക്കുളത്തെത്തിയ ജോയി അനുജനായ ടോണിയോടൊപ്പം ടോണിയുടെ വീട്ടിലിരുന്നു മദ്യപിച്ചു. ടോണിയുടെ അനുവാദം കൂടാതെ വാങ്ങിവച്ചിരുന്ന മദ്യം ജോയി കഴിച്ചു.

തുടർന്ന് സഹോദരൻമാർ തമ്മിൽ വാക്കേറ്റമായി. അതിനിടെ ടോണി ജോയിയോട് ആയിരം രൂപ ആവശ്യപ്പെട്ടു. ജോയി പണം നൽകാൻ തയ്യാറാകാതെ വന്നതോടെ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് അനുജനായ ടോണി ജ്യേഷ്ഠനായ ജോയിയെ വെട്ടി. സംഭവസ്ഥലത്ത് വച്ച് തന്നെ ജോയി മരിച്ചു.

രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്ന ജോയിയെ തിരഞ്ഞെത്തിയ മകനാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർ‍ത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കസ്റ്റ‍ഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.