പിന്നീടൊരിക്കലും ആ ഫോണ്‍ ഡാനി എടുത്തില്ല പ്ലേ സ്റ്റേഷനുമായി തിരിച്ചുവന്നതുമില്ല. 

ന്യൂസ് ജേഴ്സി: തന്‍റെ കുഞ്ഞ് അനിയന് പ്ലേ സ്റ്റേഷന്‍ വാങ്ങാന്‍ ന്യൂ ജേര്‍സിയിലെ വീട്ടില്‍നിന്ന് കൊറോള കാറുമെടുത്ത് രാത്രി എട്ട് മണിയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുപതുകാരനായ ഡാനി ഡയസ് ഡെല്‍ഗഡോ. ഒരു മണിക്കൂറിനുള്ളില്‍ മടങ്ങി വരാമെന്ന് പറഞ്ഞ് പോയ ഡാനി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. മകന്‍ മടങ്ങി വരാത്തതില്‍ ഭയന്ന് അനിയന്‍ അവനെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഡാനി ഫോണ്‍ എടുത്തില്ല. പിന്നീടൊരിക്കലും ആ ഫോണ്‍ ഡാനി എടുത്തില്ല. പിന്നീടൊരുക്കലും ഡാനി തിരിച്ച് തന്‍റെ പ്രിയ കാറുമോടിച്ച് അനിയനുള്ള പ്ലേ സ്റ്റേഷനുമായി തിരിച്ചുവന്നതുമില്ല. 

വഴിയാത്രക്കാരിലൊരാളാണ് അടുത്ത ദിവസം ഉച്ചയോടെ ഉപേക്ഷിച്ച നിലയില്‍ ഡാനിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിറകിലോട്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ഡാനിയുടെ മൃതദേഹം കണ്ടെത്തിയത്. പിങ്ക് നിറത്തിലുള്ള ടേപ്പും കറുപ്പ് നിറത്തിലുള്ള ഇലക്ട്രിക്കല്‍ കോഡും ഉപയോഗിച്ചായിരുന്നു കൈകള്‍ ബന്ധിച്ചിരുന്നത്. ഇതേ പിങ്ക് ടേപ്പ് ഡാനിയുടെ കഴുത്തിലും വായിലും മുറുക്കിയിരുന്നു. മാത്രമല്ല, ഡാനിയ്ക്ക് 9തവണ വെടിയേറ്റിരുന്നു. 9 ബുള്ളറ്റുകളാണ് ഡാനിയുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഡാനി ആരുമായോ ഫേസ്ബുക്കില്‍ ബന്ധപ്പെടുകയും പ്ലേ സ്റ്റേഷന്‍ വാങ്ങുന്നതുമായി സംസാരിക്കുകയും ചെയ്തിരുന്നു. പ്ലേ സ്റ്റേഷന്‍ വാങ്ങുന്നതിന് 240 ഡോളര്‍ കയ്യില്‍ കരുതിയാണ് ഡാനി യാത്ര തിരിച്ചത്. 29കാരനായ തോംസണുമായാണ് ഡാനി പ്ലേ സ്റ്റേഷന്‍റെ കാര്യം സംസാരിച്ചത്. ഇയാളാണ് ഡാനി എത്തേണ്ട സ്ഥലത്തെ കുറിച്ചുള്ള വിവരം നല്‍കിയതും. ഇരുവരും തമ്മിലുള്ള മെസേജുകള്‍ പൊലീസ് കണ്ടെടുത്തു.

ഡാനിയെ തട്ടിക്കൊണ്ടുപോയ തോംസണ്‍ മറ്റൊരു സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തോംസണ്‍ രണ്ട് തവണയായി ഡാനിയുടെ അക്കൗണ്ടില്‍നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് 700 ഡോളര്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം തോംസണ്‍ന്‍റെ വീട്ടില്‍ പരിശോധന നടത്തിയ സംഘം ഇയാളുടെ വീട്ടില്‍നിന്ന് പിങ്ക് ടേപ്പ്, പൊട്ടിച്ചെടുത്ത നിലയിലുള്ള ടിവി ഇലക്ട്രോണിക് കേബിള്‍ എന്നിവ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തോംസണെ പൊലീസ് അറസ്റ്റ് ചെയ്തു.