മരട് ഇഞ്ചക്കല്‍ സ്വദേശി അനിലിനെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്


കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് അടുത്ത് മരടില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മരട് ഇഞ്ചക്കല്‍ സ്വദേശി അനിലിനെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മദ്യലഹരിയില്‍ അനിലിന്‍റെ സുഹൃത്ത് ജോണ്‍സനാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേയും സമാനകേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയി.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മരട് ഈഞ്ചക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള അനിലിന്‍റെ വാടക വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. 

കൂലപണിക്കാരായ അനിലും ജോണ്‍സണും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് മദ്യലഹരിയില്‍ വഴക്കുണ്ടാക്കുകയുമായിരുന്നു. വാക്ക് തര്‍ക്കത്തിനിടെ ജോണ്‍സണ്‍ അനിലിനെ കുത്തി. കുത്തേറ്റ് രക്തംവാര്‍ന്ന അനില്‍ വീട്ടില്‍ വച്ചു തന്നെ കൊലപ്പെട്ടു. ഞായറാഴ്ച്ച വൈകിട്ട് എട്ടരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അനിലിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.